പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെപി.ഡബ്ല്യൂ.ഡി മന്ത്രി അറുമുഖം നമശിവായം രാജിവെച്ചു. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. നാല്പത് അംഗ പിസിസി ഭാരവാഹികളുടെ പട്ടിക നേതൃത്വത്തിന് കൊടുത്തിട്ട് അത് നടപ്പാക്കാന്‍ പോലും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി വിടാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം അറിയിച്ചത്.27ന് ഡല്‍ഹിയിലേക്ക് പോകുമെന്നും അന്ന് ബിജെപിയില്‍ അംഗമാകുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.