Trending

വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണം; ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

മതവിശ്വാസങ്ങള്‍ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

യേശുക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തില്‍ പരാമര്‍ശിച്ചു.മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ സന്ദേശം

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കുവയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.
അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്.

അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റേയും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്.

യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യര്‍ക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിര്‍ത്താം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!