രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഇതുവരെ 358 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുളള കണക്ക്. നിയന്ത്രണങ്ങളുടെ ഭാഗമായി മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. മധ്യപ്രദേശില്‍ ഇന്നുമുതലും ഉത്തര്‍പ്രദേശില്‍ നാളെ മുതലുമാണ് കര്‍ഫ്യൂ നടപ്പിലാവുക. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയില്‍ വിലക്ക് ലംഘിച്ച് കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്ത നിവാരണ അതോറിറ്റി അടച്ചുപൂട്ടി.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആവശ്യമെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും ആഘോഷങ്ങളും ആള്‍കൂട്ടങ്ങളും ഒഴിവാക്കാനും നിര്‍ദേശിച്ചിരുന്നു. അവശ്യമായ ഓക്സിജന്‍ ഉറപ്പുവരുത്താനും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ 60 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
അതേസമയം, രാജ്യത്തെ എട്ടു നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹികവ്യാപനം നടന്നതായി സംശയമുണ്ട്. മുംബൈ, പൂനെ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളിലാണ് ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നത്.
അതിനിടെ സാമൂഹിക വ്യാപനം നടന്നുവെന്ന് സംശയിക്കപ്പെടുന്ന എട്ടു നഗരങ്ങളിലും എല്ലാ കൊവിഡ് പൊസിറ്റീവ് കേസുകള്‍ക്കും ജനിതക പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വന്‍ നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നതായി സംശയിക്കപ്പെടുന്നു എന്ന് കാണിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധ്യക്ഷന്‍ സുര്‍ജിത് കുമാര്‍ സിങ് ഏഴു സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി.

