കാൺപുരിലെ പെർഫ്യൂം നിർമ്മാതാവ് പിയൂഷ് ജെയിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന വ്യവസായിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 150 കോടി രൂപ കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്.അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ എണ്ണിത്തീർത്തത് 150 കോടിയെന്നാണ് വിവരം. എന്നാൽ കണ്ടെടുത്ത പണത്തിൽ ഇനിയും ഒരുപാട് എണ്ണിത്തീർക്കാനുണ്ടെന്നാണ് റിപ്പോർട്ട്.വ്യാഴാഴ്ച ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലും മുംബൈയിലും ഗുജറാത്തിലുമാണ് ഇവ നടക്കുന്നത്.നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. എന്നാൽ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജി.എസ്.ടി ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിൽ പങ്കാളികളാകുകയായിരുന്നു. വ്യാജ ഇൻവോയ്‌സുകൾ വഴിയും ഇ-വേ ബില്ലുകൾ ഇല്ലാതെയും സാധനങ്ങൾ അയച്ചത് പണവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കൽപ്പിക സ്ഥാപനങ്ങളുടെ പേരിലാണ് ഈ വ്യാജ ഇൻവോയ്‌സുകൾ സൃഷ്ടിച്ചിരിക്കുന്നത്.
സമാജ്വാദി പാർട്ടിയുടെ പേരിൽ ‘സമാജ്വാദി അത്തർ’ കഴിഞ്ഞ നവംബറിൽ പിയുഷ് ജെയിൻ പുറത്തിറക്കിയിരുന്നു.