മുംബൈ: മുംബൈ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഈ മെയിലൂടെയാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർക്ക് സന്ദേശം എത്തിയത്. ഒരു മില്യൺ ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നാണ് ഭീഷണി. പണം നൽകാൻ 48 മണിക്കൂർ സമയപരിധിയും നൽകിയിട്ടുണ്ട്. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നൽകിയില്ലെങ്കിൽ ടെർമിനൽ രണ്ട് ബോംബ് വെച്ച് തകർക്കുമെന്നുമാണ് ഭീഷണി.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയിലിന്റെ ഐ.പി അഡ്രസ് ട്രാക്ക് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇമെയിൽ അയച്ചയാളുടെ ലോക്കേഷൻ കണ്ടെത്തിയിട്ടില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.