പ്രകൃതിക്ഷോഭം: മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്
*1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം
ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നു കടലിൽ പോകാൻ കഴിയാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 47.84 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതുപ്രകാരമുള്ള ധനസഹായം ലഭിക്കും. ഒക്ടോബറിലും നവംബറിലുമുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടർന്നു കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ദിവസങ്ങളോളം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം വറുതിയിലായ കുടുംബങ്ങളെ സഹായിക്കാനാണു പ്രത്യേക പാക്കേജായി തുക അനുവദിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് എടുത്ത തീരുമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ സഹായമാണെന്നും മന്ത്രി പറഞ്ഞു.
ഉൾനാടൻ, തീര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാകും ധനസഹായം. സർക്കാർ തീരുമാനം തീരദേശത്തിനു വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനാ ദിന പ്രഭാഷണം 26ന്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഭരണഘടനാ ദിന പ്രഭാഷണം നടത്തും. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അനുപമ റോയി ‘വാഗ്ദാനങ്ങളും വെല്ലുവിളികളും: ഇന്ത്യൻ ഭരണഘടനയുടെ ഏഴ് ദശാബ്ദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റിയിലെ ഡോ. സാദ് മെഹ്മൂദ് അദ്ധ്യക്ഷത വഹിക്കുന്ന പ്രഭാഷണം 26ന് വൈകിട്ട് ഏഴിന് സൂമിലൂടെ ഓൺലൈനായി നടക്കും.
ഐ.ഡി: 821 7850 1707
പാസ് കോഡ്: 178197
വിശദാംശങ്ങൾക്ക്: 0471-2339266, 9495383880,
കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതി 29നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി പ്രകാരം 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്കു സ്വന്തം പേരിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി. ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾ ഈ അക്കൗണ്ട് വഴി ലഭിക്കും.
പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.
29നു രാവിലെ 11നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 4656/2021
യുവതിയുടെ മരണം: ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു
എറണാകുളം ആലുവയിൽ ഗാർഹിക പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയോടും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോടും അടിയന്തിര റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവായി. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു.
ദേവസ്വം ബോർഡ്: സ്ക്രൈബിനെ ആവശ്യമുള്ളവർ അപേക്ഷിക്കണം
ഡിസംബർ 5 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ്, കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യാഗാർത്ഥികൾ, സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷ തീയതിക്ക് ഏഴ് ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ kdrbtvm@gmail.com മുഖേന അറിയിക്കണം. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യാഗാർത്ഥികൾക്ക് മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നത് പരിഗണിക്കൂ.
ലാബ് ടെക്നിഷ്യൻ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 4ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ബി.എഡ് സീറ്റ് ഒഴിവ്
കല്ലായിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ വിവിധ വിഷയങ്ങളിൽ ബി.എഡ് സീറ്റുകൾ ഒഴിവുകളുണ്ട്. അറബിക്ക്, ഗണിത ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ അംഗപരിമിതര്‍ക്ക് ഓരോ സീറ്റ് വീതവും അറബിക്ക് വിഷയത്തില്‍ ഇ.ഡബ്ല്യു.എസ്, കുശവ വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റ് വീതവും ഫിസിക്കല്‍ സയന്‍സില്‍ കുടുംബി വിഭാഗത്തിന് ഒരു സീറ്റും ഗണിത ശാസ്ത്രത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് ഒരു സീറ്റുമാണ് ഒഴിവുള്ളത്.
യൂണിവേഴ്സിറ്റിയില്‍ ബി.എഡ് കോഴ്സിന് അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 29ന് രാവിലെ 10 മണിക്ക് അസ്സൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ടു വീതം പകര്‍പ്പുകളും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകാം. ഇതുവരെ യൂണിവേഴ്സിറ്റിയില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ബി.എഡ് ലേറ്റ് റജിസ്ട്രേഷന് ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസർ: 8089522808.
കേരളോത്സവം:
മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2021 കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി നടത്തും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും www.keralotsavam.com എന്ന വെബ്സൈറ്റ് മുഖേന നവംബര്‍ 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റർ നമ്പറും കോഡ് നമ്പറും ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ റെക്കോഡ് ചെയ്ത വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം.
കലാ മത്സരങ്ങള്‍ മാത്രമാണ് ഇത്തവണ നടത്തുന്നത്. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങള്‍ ഒഴിവാക്കി ജില്ലാ- സംസ്ഥാനതല മത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണയത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാ തലത്തില്‍ നല്‍കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു തവണ കൂടി മത്സര ഇനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്യണം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്ക്: www.keralotsavam.com. ഫോൺ: 9605098243, 8138898124, 04902373371.
കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം
വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ‘വിളവെടുപ്പിനു ശേഷമുളള സംസ്കരണവും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും, 21,22,23 തിയ്യതികളില്‍ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര് നവംബര്‍ 30ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് ഈ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്ട്രേഷന് അനുവദിക്കുന്നതല്ല. രാവിലെ 10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ : 0495-2373582.
സെസ്സ് അദാലത്ത്
ബില്‍ഡിംഗ് സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതിന് ബില്‍ഡിംഗ് സെസ്സ് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക നോട്ടീസ്, അസസ്സ്മെന്റ് നോട്ടീസ്, ഉത്തരവ്, ഷോക്കോസ് എന്നീ ഘട്ടങ്ങളിലുള്ള എല്ലാ ഫയലുകളും അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെസ്സ് അദാലത്ത് നടക്കുന്നത് സംബന്ധിച്ച ഏതെങ്കിലും നോട്ടീസ് ലഭിച്ചവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. അദാലത്തില്‍ വരുന്നവര്‍ താലൂക്കില്‍ നിന്നും ഒറ്റത്തവണ നികുതി അടച്ച റസീറ്റ്/കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പറേഷന്) പ്ലിന്ത് ഏരിയയും കാലപ്പഴക്കവും തെളിയിക്കുന്ന രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ക്ക് പലിശ ഇളവിന് അര്‍ഹതയുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 0495 2370538 എന്ന നമ്പറില്‍ ബന്ധപ്പെടാം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയൂര്‍വ്വേദ കോളേജുകള്‍ എന്നിവയിൽ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയൂര്‍വേദ) ( കാറ്റഗറി നമ്പർ: 531/19) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
റെയില്‍വേ ചൈല്‍ഡ് ഡെസ്കില്‍ ടീം മെമ്പറുടെ ഒഴിവ്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്പ് ഡെസ്കില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ.സോഷ്യോളജി. നിശ്ചിത യോഗ്യതയുളവര്‍ railwaychildlinecalicut@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ഈ മാസം 29ന് മുന്‍പ് അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9207921098.
കോഴിമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും അംഗീകാരം നല്കി
ജില്ലയില്‍ കോഴിമാലിന്യം സംസ്കരിക്കുന്നതിനുള്ള ഏജന്‍സിയായി കിട്ടപ്പാറയിലെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് അമ്പായത്തോട് എന്ന സ്ഥാപനത്തെ അംഗീകരിച്ച് ഡി.എല്‍.എഫ്.എം.സി യോഗത്തില്‍ തീരുമാനമായി. സ്ഥാപനത്തിന് ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോഴിയറവു മാലിന്യം ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് അംഗീകാരം നല്കി. ഡി.എല്‍.എഫ്.എം.സി നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ്, റോയല്‍റ്റി, ധാരണാപത്രങ്ങള്‍ എന്നിവ പ്രകാരം കോഴിയിറച്ചി വില്പന ശാലകള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയും യോഗത്തില്‍ ഉത്തരവായി. ജില്ലയിലെ കോഴിക്കടകളുടെ ലൈസന്‍സ് 2022-23 വര്‍ഷത്തിലേക്ക് പുതുക്കുന്ന ഘട്ടത്തില്‍ ഡി.എല്‍.എഫ്.എം.സി അംഗീകരിക്കുന്ന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം നിര്ബന്ധമായിരിക്കുമെന്ന് ഡി.എല്‍.എഫ്.എം.സി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കേരളോത്സവം 2021 – ഓണ്‍ലൈനായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
യുവാക്കളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കലാ മത്സരങ്ങള്‍ മാത്രമായി സംഘടിപ്പിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ്ലോഡിംഗ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 25 മുതല്‍ 30 വരെ www.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കു രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്ന സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പരും കോഡ് നമ്പരും ലഭ്യമാകും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് അടുത്ത ഘട്ടത്തില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ്ലോഡ് ചെയ്യേണ്ടത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യ ലഭ്യമാവുകയുള്ളു.. വീഡിയോകള്‍ റെക്കോഡ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച കോഡ് നമ്പരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിക്കണം. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനായി വീണ്ടും നിശ്ചിത ദിവസം കൂടി ലഭിക്കുന്നതാണ്.
മത്സരത്തില്‍ വീഡിയോകള്‍ പ്രാഥമിക തലത്തില്‍ വിദഗ്ദ്ധ സമിതി സ്ക്രീനിംഗ് നടത്തിയ ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരിനത്തില്‍ നിന്നും 5 എന്‍ട്രികള്‍ വീതം അടുത്ത തലത്തിലേക്ക് ( ജില്ലാതലം) നല്കുന്നു . ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ സംസ്ഥാനതല മത്സരത്തിലേക്കായി ഒരു തവണകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രൈസ് മണി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ – 04862 228936, 9895183934
സീറ്റ് ഒഴിവ്
ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ചു പ്രവര്‍ത്തിച്ചു വരുന്ന കരുണാപുരം ഗവ ഐ.ടി.ഐയിലെ എസ്.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്മാന്സിവില്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയില്‍ 2021-22 വര്‍ഷത്തേയ്ക്ക് അഡ്മിഷന് നടത്തേണ്ടുന്ന ഏതാനും സീറ്റുകളിലെ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷഫോമുകള്‍ കരുണാപുരം ഗവ ഐ ടി ഐയില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 27. ഫോണ്‍- 9446257417, 9961038912

