തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക ചാനലില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ നടത്തിയ തെളിവെടുപ്പില്‍, ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചിരുന്നതായി ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയതും ദിവ്യയാണ്. തങ്ങള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ എ ഗീത ഐഎഎസിന് മൊഴി നല്‍കിയതായാണ് വിവരം. തനിക്ക് ഈ വിവാദങ്ങളില്‍ ഒരു പങ്കുമില്ലെന്നാണ് ജില്ലാ കലക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്.