ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ . കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളിൽ രോഗബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് എച്ച്.ഐ.വി, അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.
രക്തം സ്വീകരിച്ചവരിൽ സ്ഥിരീകരിച്ച രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ പറഞ്ഞു. ഇതിൽ എച്ച്.ഐ.വി ബാധയാണ് ഏറ്റവും ഗൗരവകരം, കുട്ടികൾ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
14 കുട്ടികൾ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. എവിടെ നിന്ന് സ്വീകരിച്ച രക്തമാണ് അസുഖത്തിന് കാരണമായതെന്ന് കണ്ടെത്തുക പ്രയാസകരമാണെന്നും ഡോക്ടർമാർ പറയുന്നു.
ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. കൃത്യമായ ഇടവേളകളിൽ രക്തം സ്വീകരിക്കുകയാണ് ഈ അസുഖത്തെ നേരിടാനുള്ള മാർഗങ്ങളിലൊന്ന്.