. ദുൽഖർ സൽമാനെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ തന്നെയാണ് സിനിമയിലെ നായകൻ. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ ഓഫറായി ലഭിച്ച റെക്കോർഡ് നിരസിച്ചാണ് ചിത്രം തീയറ്ററിൽ പ്രദർശനത്തിനെത്തുന്നത്.
സിനിമയുടെ റിലീസ് തീരുമാനത്തിനുശേഷം നായകൻ ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചു. കുറുപ്പിെൻറ തുടക്കംമുതലുള്ള പ്രയത്നങ്ങളും പ്രതിസന്ധികളും അദ്ദേഹം അതിൽ വിവരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
‘അങ്ങനെ ഒടുവിൽ, ഞങ്ങൾ തയ്യാറായി. കുറുപ്പിനെ മോചിപ്പിക്കാൻ. ഇത് വരെ ചെയ്തതിൽ ഏറ്റവും വലിയ ചിത്രം, കുറുപ്പ്, പൂട്ടിയിടപ്പെട്ട അവസ്ഥയിൽ നിന്നും സ്വതന്ത്രനാവുകയാണ്, ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തുകയാണ്’
‘കുറുപ്പിനോടൊത്തുള്ള യാത്ര, അത് വളരെ വലുതും സങ്കീർണ്ണവുമായിരുന്നു. ആലോചന തന്നെ വർഷങ്ങൾ എടുത്തു. ചിത്രീകരണം ഒരു വർഷത്തോളം നീണ്ടു. മാസങ്ങൾ എടുത്തു പോസ്റ്റ് പ്രൊഡക്ഷൻ നടത്തി. പിന്നെ മഹാമാരികാലമായി. സിനിമ വെളിച്ചം കാണുമോ എന്നൊരു എത്തും പിടിയും ഉണ്ടായിരുന്നില്ല. എന്നാൽ നിങ്ങളുടെ എല്ലാം അകമഴിഞ്ഞ സ്നേഹവും, പിൻതുണയും, തിയേറ്റർ തുറക്കും വരെ കാത്തിരിക്കണം എന്ന നിരന്തരമായാ ആവശ്യപ്പെടലും കൊണ്ട് അതികഠിനമായ ആ സമയത്തെയും ഞങ്ങൾ അതിജീവിവിച്ചു’
‘ഞാൻ എന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും പല വട്ടം പറഞ്ഞിട്ടുണ്ട് – കുറുപ്പ് എനിക്ക് എന്റെ രണ്ടാമത്തെ കുഞ്ഞിനെപ്പോലെയാണ് എന്ന്. അതിന്റെതായ ഒരു ജീവിതവും വിധിയുമുള്ള, ജൈവമായ ഒന്ന്. അതിനെ ഏറ്റവും മികച്ചതാക്കാനായി എന്ത് ചെയ്യാനും ഞാൻ തയ്യാറായിരുന്നു. ശാരീരികമായും മാനസികമായും, ഞാൻ പൂർണമായി അർപ്പിച്ച ഒരു ചിത്രം. ഞാൻ, ഞാൻ എന്ന് കുറെയായി പറയുന്നു. ഇതിന്റെ അണിയറപ്രവർത്തകരുടെ കഴിവും കഠിന പ്രയത്നവുമാണ് ആ ചിത്രത്തെ ഇങ്ങനെയാക്കിയത്. പക്ഷേ എനിക്ക് ഈ സിനിമയുമായുള്ള സവിശേഷമായാ ബന്ധത്തെക്കുറിച്ച്, ഹൃദയത്തിൽ തൊട്ടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’
‘ആ സിനിമയോട് നീതി പുലർത്താൻ, സ്നേഹവും പരിലാളനയും നൽകാൻ… ഒരു ആശയത്തിൽ നിന്നും വളർന്നു ഉയർന്നു എന്റെ കണ്മുന്നിൽ നിൽക്കുന്ന ഒന്നാകാൻ… അകത്തും പുറത്തും വലിയ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട് ഞങ്ങൾ”നേരത്തെ പറഞ്ഞത് പോലെ, കുറുപ്പിന് അതിന്റേതായ ഒരു വിധിയുണ്ട്. എനിക്കറിയാമായിരുന്നു… കൃത്യ സമയമാകുമ്പോൾ, തയ്യാറാണ് എന്ന് ബോധ്യം വരുമ്പോൾ മാത്രമായിരിക്കും പുറത്ത് വരുന്നത് എന്ന്”കുറിപ്പിനെ സ്വാതന്ത്രനാക്കാൻ സമയമായി. നിങ്ങൾ അതിനു ചിറകുകൾ നല്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം.സ്റ്റാർ എന്റർടെയ്ന്റമെൻസും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
. ജിതിൻ.കെ.ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കും.
ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി.ആർ.ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് എസ്.ബി.കെ, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.

