സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയുമായി എത്തിയത്.
ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഇ എം ഇളംതെന്‍ട്രൽ അരിവരസൻ എന്നീ സഹോദരങ്ങളാണ് മദ്യശാലക്കെതിരെ രംഗത്തെത്തിയത് .
പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്.
മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സ്കൂളിലേക്ക് നടന്നുപോകുമ്പോള്‍ മദ്യശാലയ്ക്ക് മുന്നില്‍ ഫിറ്റായി ഇരിക്കുന്നവര്‍ അശ്ലീലം പറയുന്നതും വഴി തടസമുണ്ടാക്കുന്നതും പേടിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ കത്ത്. ഇവരെ ഭയന്ന് കൂട്ടുകാരില്‍ പലരേയും രക്ഷിതാക്കള്‍ സ്കൂളിലേക്ക് അയക്കാന്‍ വരെ മടിക്കുന്നുവെന്നും ഇളംതെന്നല്‍ കത്തില്‍ പറയുന്നു. കത്ത് കൈപ്പറ്റിയതിന് പിന്നാലെ സത്വര നടപടിയായി മദ്യശാല അടക്കാന്‍ കളക്ടര്‍ ഉത്തരവ് നല്‍കുകയായിരുന്നു.
2015ല്‍ മദ്രാസ് ഹൈക്കോടതി സ്കൂളുകളുടെ നൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ ഇത് വലിയ തോതില്‍ സംസ്ഥാനത്ത് ലംഘിക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കര്‍. ബുക്ക് ഷോപ്പ് നടത്തുകയാണ് ഇളംതെന്‍ട്രലിന്‍റേയും അറിവരസന്‍റേയും രക്ഷിതാക്കള്‍. കുട്ടികളുടെ പരാതിയും അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേയും സ്വാഗതം ചെയ്യുകയാണ് നിരവധിപ്പേര്‍. ഭാവിയില്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ കുരുന്നുകളുടെ നടപടിയെന്നാണ് ചെന്നൈയില്‍ സാമൂഹ്യ പ്രവര്‍ത്തകയായ പ്രണിതാ തിമോത്തി പറയുന്നത്.