ലേ∙ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധക്കാർ ബിജെപി ഓഫിസിനും പൊലീസിന്റേത് അടക്കമുള്ള വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്നാണ് സംഘർഷം കനത്തത്. പൊലീസ്കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിർന്ന പൗരന്മാർ ഇന്നലെ തളർന്നുവീണിരുന്നു. ഇതേത്തുടർന്ന് ലേ നഗരം സമ്പൂർണമായി അടച്ചിടാൻ പ്രതിഷേധക്കാരായ വിദ്യാർഥി – യുവജന സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.

