യുപിയിലെ കാൻപുരിൽ മൃതദേഹം 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ച് കുടുംബാംഗങ്ങൾ. കോമയിലായ ഭർത്താവ് തിരിച്ചു വരുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിൽ എന്നും രാവിലെ ഭാര്യ ഗംഗാജലം തളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വിംലേഷ് ദീക്ഷിത് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.വിംലേഷിന്റെ ഭാര്യ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റ് പ്രകാരം ഹൃദയ സംബന്ധമായ അസുഖം മൂലം 2021 ഏപ്രിൽ 22 നാണ് വിംലേഷിന്റെ മരണം.അദ്ദേഹം കോമയിലാണെന്ന് കരുതിയ കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്താൻ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അലോക് രഞ്ജൻ പറഞ്ഞു.
ദീക്ഷിതിന്‍റെ പെൻഷൻ ഫയല്‍ നീങ്ങാത്തതിനാൽ കാൺപൂരിലെ ആദായ നികുതി ഉദ്യോഗസ്ഥരാണ് വിഷയം അന്വേഷിക്കണമെന്ന് അഭ്യർഥിച്ചതെന്ന് അലോക് രഞ്ജൻ വിശദീകരിച്ചു. പൊലീസുകാരും മജിസ്‌ട്രേറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വെള്ളിയാഴ്ച റാവത്പൂർ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം ആവര്‍ത്തിച്ചു.ശേഷം ഏറെ നിര്ബന്ധിച്ചാണ് മൃതദേഹം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബം അനുവാദം നല്‍കിയത് . വൈദ്യപരിശോധനയിൽ മരണം സ്ഥിരീകരിച്ചു. വിഷയം വിശദമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സിഎംഒ അറിയിച്ചു.

