അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 26. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009, 9846033001, www.srccc.in
ക്ഷേമനിധി ഉടമാ വിഹിതം ഒടുക്കണം
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുളള വാഹന ഉടമകൾ പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമാ വിഹിതം ഒടുക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം പലിശ സഹിതം അടക്കേണ്ടി വരുമെന്നും ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ അറിയിച്ചു. ഓൺലൈൻ മുഖേനയും ജില്ലാ ഓഫീസുകളിൽ കാർഡ് സ്വൈപ്പ് വഴിയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈൽ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം ഒടുക്ക് വരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2767213
ഓണം സമൃദ്ധമാക്കാൻ 148 ഓണച്ചന്തയുമായി കൃഷിവകുപ്പ്
ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ജില്ലയിൽ ഒരുക്കിയത് 148 ഓണച്ചന്തകൾ. കൃഷിഭവന്റെ നേതൃത്വത്തിൽ 81, ഹോർട്ടികോർപ്പിന്റെ 61, വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആറും ഓണച്ചന്തകൾ ജില്ലയിൽ നാളെ (ആഗസ്റ്റ് 25 ) മുതൽ ആരംഭിക്കും. കൂടാതെ കോർപ്പറേഷൻ പരിധിയിൽ മൊബൈൽ ഓണച്ചന്തയും പര്യടനം നടത്തും.
പ്രാദേശിക കർഷകരിൽനിന്ന് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് പച്ചക്കറികൾ സംഭരിക്കുക. ശേഖരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകൾ വഴി വിൽക്കുന്നത്. ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൂടാതെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ നിന്നും, മൂന്നാറിൽ നിന്നുമുള്ള ശീതകാല പച്ചക്കറികളായ ക്യാബേജ്, ഉരുളകിഴങ് എന്നിവയും വിതരണ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമാവാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് വഴി സംഭരിച്ച് 30 ശതമാനം വരെ വിലക്കുവിൽ നൽകും.
ഹോർട്ടികോർപ്പിന്റെ കോഴിക്കോട്ടെ വേങ്ങേരി, വടകരയിലെ തോടന്നൂർ കേന്ദ്രങ്ങളിൽ നിന്നും ജില്ലയിലെ പഞ്ചായത്തുകളിലേക്കുള്ള പച്ചക്കറി വിതരണം ആരംഭിച്ചതായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഹോർട്ടികോർപ്പ് റീജിയണൽ മാനേജറുമായ (ഇൻചാർജ്) ടി ആർ ഷാജി പറഞ്ഞു.
ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കണ്ണഞ്ചേരി ഗണപതി ക്ഷേത്രത്തിനു സമീപം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ആഗസ്റ്റ് 25 മുതൽ 28 വരെയാണ് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഓണച്ചന്തകൾ നടത്തുക.
“നാട്ടുമാമ്പാത” പദ്ധതിയിലൂടെ നടുവണ്ണൂരിൽ നാട്ടുമാവുകൾ തളിരിടും
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന “നാട്ടുമാമ്പാത” പദ്ധതിയിലൂടെ നടുവണ്ണൂരിൽ നാട്ടുമാവുകൾ തളിരിടും. ആദ്യഘട്ടമെന്ന നിലയിലാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തിലെ അനുയോജ്യമായ സ്ഥലങ്ങളിൽ നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. അതിൻ്റെ തുടർന്നുള്ള പരിപാലന ചുമതല തൊഴിലുറപ്പ് തൊഴിലാളികൾ നിർവഹിക്കും.
നീലപ്പറങ്കി, പുളിയൻ പറങ്കി, കുറുക്കൻ മാങ്ങ, ഗോ മാങ്ങ, ചുനയൻ തുടങ്ങിയ നാട്ടുമാവിൻ ഇനങ്ങളാണ് പ്രധാനമായും നട്ട് വളർത്തുക. നടുവണ്ണൂരിലെ സിപ്കോയുടെ ഭൂമിയിലാണ് ആദ്യഘട്ടത്തിൽ മാവിൻ തൈകൾ നട്ടത്. അനുയോജ്യമായ ഭൂമി ലഭ്യമാവുന്ന മുറക്ക് കൂടുതൽ ഇടങ്ങളിൽ തൈകൾ വച്ച് പിടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ പറഞ്ഞു.
അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് ‘നാട്ടുമാമ്പാത’. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പദ്ധതിക്ക് തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചിരുന്നു.
കൊടിയത്തൂരിലെ കെ-സ്റ്റോർ ഉദ്ഘാടനം നാളെ
കുന്ദമംഗലം ബ്ലോക്കിലെ കൊടിയത്തൂർ പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങുന്ന കെ-സ്റ്റോറിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 25) വൈകീട്ട് 4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ നിർവഹിക്കും. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിക്കും.
കൊടിയത്തൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ചുള്ളിക്കാപ്പറമ്പിലെ 156-ാം നമ്പർ റേഷൻകടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനം തുടങ്ങുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 108 റേഷൻ കടകളാണ് കെ സ്റ്റോറുകളാക്കി മാറ്റിയത്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍ കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഓണാഘോഷം: പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ
ഓണാഘോഷം അടിപൊളിയാക്കാൻ പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെയുള്ള കാലയളവിലാണ് മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. കടലുണ്ടിയിൽ സൗഹാർദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകൾക്ക് മാത്രമായി പ്രത്യേക പാക്കേജുകളുണ്ട്. ഇതിനു പുറമെ ഫാമിലി പാക്കേജുകളും ലഭ്യമാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നേരിട്ടും മിഷന്റെ രജിസ്റ്റേർഡ് യൂണിറ്റുകൾ വഴിയുമാണ് പാക്കേജുകളുടെ സംഘാടനം നടത്തുന്നത്.
കേരളത്തിന്റെ ഗ്രാമീണ ജീവിതം, തനത് ഭക്ഷണം, പരമ്പരാഗത തൊഴിൽ എന്നിവ മുഖ്യ പ്രമേയമാകുന്ന പാക്കേജുകളിൽ കണ്ടൽക്കാടിലൂടെയുള്ള തോണിയാത്രയും, ചട്ടി ചോറും മുളയരി പായസവും, കയർ പിരിക്കലും നെയ്ത്തും അനുഭവിച്ചറിയാനുള്ള അവസരം എന്നിവയും ഉൾപ്പെടുന്നു.
പാക്കേജുകളുടെ വിശദാംശങ്ങൾക്ക് rt@keralatourism.org, rtmission.kkd@gmail.com എന്ന ഇ മെയിലിലോ 9526748398 / 9947394710 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
തുറയൂരിൽ ഓണം ഫെസ്റ്റിന് തുടക്കം
തുറയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2023 ന് തുറയൂരിൽ തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും പൗര പ്രമുഖരും അണിനിരന്ന വർണാഭമായ ഘോഷയാത്ര തോലേരിയിൽ നിന്നും ആരംഭിച്ച് പയ്യോളി അങ്ങാടിയിൽ സമാപിച്ചു. സാംസ്കാരിക സമ്മേളനം ടി പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.
ആഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിപണന മേളയും കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, പൂക്കള മത്സരം, ഓണ സദ്യ, സുരക്ഷാ ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കും.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഷീദ നടുക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമകൃഷ്ണൻ കെ.എം, ദിപിന ടി.കെ, സബിൻരാജ്, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ഷിബു, സെക്രട്ടറി കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ടി.കെ സുനിൽ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ അഞ്ജു മാടത്തിൽ നന്ദിയും പറഞ്ഞു.