ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കുറച്ച് മാസം കൂടി സോണിയ ഗാന്ധി തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘തെരഞ്ഞെടുപ്പിന് സമയം വേണമെന്നിരിക്കെ ദ്രുതഗതിയിലുള്ള തീരുമാനം പ്രതീക്ഷിക്കരുത്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരണമെന്ന് തങ്ങള്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’
നേരത്തെ 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടു കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

