Kerala Local News

ലഹരികൾ വാഴുന്ന സൈബറിടങ്ങൾ

സിബ്ഗത്തുള്ള എം ചീഫ് എഡിറ്റർ ജനശബ്ദം

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേക്കും കൗമാര പ്രായക്കാരിലേക്കും അതിവേഗം പടര്‍ന്നു പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സുലഭമായി ലഭിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് പെണ്‍കുട്ടികള്‍ പോലും അടിപ്പെടുന്ന ഭീതിതമായ അവസ്ഥയാണ് കേരളത്തിൽ പ്രതിദിനം കണ്ടുവരുന്നത്.


കേരളത്തില്‍ മാത്രം ഒരു ദിവസം 10 കോടി രൂപയുടെ ലഹരി കച്ചവടമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കു മരുന്നുകള്‍ സുരക്ഷിതമായി കേരളത്തിലെത്തുന്നുണ്ടെന്നതാണ് യാഥാർഥ്യം.

കേരളത്തിൽ ലഹരി എത്തിക്കുന്നത് ഇവിടെയുള്ളവർ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന കേരളീയർക്ക് പുറമെ അതിഥി തൊഴിലാളികൾ വഴിയും ലഹരിയെത്തുന്നുണ്ട്. പിടിക്കപ്പെടുന്നവരെ നോക്കിയാലും ഇക്കാര്യം വ്യക്തമാണ്. ലഹരിക്ക് അടിമയാകണമെന്നില്ല ഇപ്പോൾ അതിന്റെ കാരിയർമാരാകാൻ. കാരണം എംഡിഎംഎ പോലുള്ള ലഹരികൾക്ക് വലിയൊരു സാമ്പത്തിക അടിത്തറയുമുണ്ടാക്കാൻ സാധിക്കുന്നുവെന്നതാണ് പ്രധാനം. വളരെ കുറച്ച് അളവ് കടത്തിയാൽ തന്നെ വലിയൊരു തുക ലഭിക്കുമെന്ന പ്രലോഭനം തന്നെയാണ് ഇതിന്റെ പിന്നിലുള്ള വലിയൊരു പ്രശ്നം.

വിദേശത്തുനിന്നും ഇന്ത്യയിലെ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകളെത്തുന്നത്. മുമ്പെല്ലാം കഞ്ചാവ് പോലുള്ള ലഹരികളെപ്പറ്റി മാത്രമേ ധാരണയുണ്ടായിരുന്നുള്ളു. ഇപ്പോൾ എംഡിഎംഎ ഉൾപ്പെടെയുള്ളവ സജീവമായി വിൽക്കപ്പെടുന്നു. ഒരുകിലോ എംഡിഎംഎയുടെ വിപണി മൂല്യം അഞ്ചരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. വളരെ ചെറിയ അളവുണ്ടായാൽ പോലും ലഹരി അനുഭവപ്പെടുന്നുണ്ട് എന്നാണ് അതിന്റെ അർഥം. ആ രീതിയിൽ നല്ലൊരു മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്. പക്ഷെ, മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ എംഡിഎംഎ പിടികൂടുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്.

ഐടിയിലെ ലഹരി ഉപഭോഗം

ചെറുപ്പക്കാരെ ഏറെ ആകർഷിക്കുന്നതും എളുപ്പത്തിൽ സമ്പാദിക്കാൻ കഴിയുന്നതുമായ മേഖലയെന്ന നിലയിൽ ഐ.ടി കമ്പനികളിലെ ജോലികൾക്ക് ഡിമാൻഡ് ഏറെയാണ്. എന്നാൽ, താങ്ങാനാവുന്നതിലും അപ്പുറത്തുള്ള സമ്മർദങ്ങളെ അതിജീവിക്കാനുളള കരുത്ത് ഇന്നത്തെ യുവതലമുറക്കില്ലതാനും. ഫലമോ, ലഹരിയുടെ കാണാക്കയങ്ങളിലേക്ക് എടുത്തറിയപ്പെടാനവർ നിർബന്ധിക്കപ്പെടുന്നു. രാത്രിയെ പകലാക്കുന്ന ജോലികളിലേർപ്പെടുമ്പോഴുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളെ അതിജീവിക്കാൻ ഈ ലഹരികൾ താൽക്കാലികമായെങ്കിലും അവരെ സഹായിക്കുന്നു. മാഫിയകൾക്ക് തങ്ങളുടെ സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള ഏറ്റവും വലിയ മാർക്കറ്റായി മാറിയിരിക്കുന്നു, നമ്മുടെ ഐ.ടി. പാർക്കുകൾ. വില കൂടിയതും ദോഷവശങ്ങൾ കൂടുതലുള്ളതുമായ അതി തീവ്ര സിന്തറ്റിക് ഡ്രഗ്ഗുകളാണ് യുവതയെ കീഴ്പ്പെടുത്തിയിരിക്കുന്നത്.

നിരവധി കമ്പനികളുള്ള കോഴിക്കോട്ടെ സൈബർ പാർക്കിൽ ദിനേന രണ്ടായിരത്തിലധികം പേരെത്തുന്ന സ്ഥലമാണ്. ഇവിടെ ജോലി ചെയ്യുന്നവരിൽ പലരും ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്.

ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. മയക്കുമരുന്നിന്റെ ലഭ്യതക്കായി നിരവധി സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റാ ഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകളും വഴിയാണ് ഇതിലേക്ക് കണ്ണികളെ ചേർക്കുന്നത്. ഇത്തരം സൈറ്റുകൾ വഴിയാണ് പ്രധാനമായും ഇവർ മയക്കുമരുന്നുകൾ സംഘടിപ്പിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് ബാഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി രണ്ടുപേരെ കുന്നമംഗലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയ പൊലീസ് എത്തിപ്പെട്ടത് തിരിപ്പൂരിൽ തുണി വ്യവസായം നടത്തുന്ന നൈജീരിയക്കാരനിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സ്കൂൾ കുട്ടികൾ മുതൽ ഐ.ടി പ്രൊഫഷണലുകൾ വരെയുള്ളവർ ഇയാളിൽ നിന്നും നിരന്തരമായി മയക്കുമരുന്നുകൾ വാങ്ങിയിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ കസ്റ്റമെഴ്‌സ് അധികവും മലയാളികളാണെന്നതാണ് യാഥാർഥ്യം. ഇന്റർനെറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഇവരിലധികവും മയക്കുമരുന്നുകൾ സ്വീകരിച്ചിരുന്നത്.

നല്ലൊരു ബോധവത്കരണത്തിലൂടെ മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാൻ സാധിക്കൂ. പുതിയ പഠനങ്ങൾ പ്രകാരം സ്കൂൾ വിദ്യർഥികളിൽ പോലും മയക്കുരുന്ന് എത്തുന്നുണ്ടെന്നാണ് കാണുന്നത്. 10- 15 വയസുമുതലുള്ള കുട്ടികൾ ലഹരി മരുന്നുപയോഗിക്കുന്നവരുടെ ഭാഗമായി മാറുന്നുണ്ട്. തമാശയ്ക്കുവേണ്ടി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഒരു ലഹരി എന്ന നിലയിലാണ് ഇത് തുടങ്ങുന്നതെങ്കിലും പിന്നെ അതിന് അടിമയായി മാറുകയാണ്. ന്യൂജൻ സംവിധാനത്തിന്റെ ഭാഗമായ സമൂഹമാധ്യമങ്ങൾ, ഫോണുകൾ ഒക്കെ ഇതിന് പിന്തുണ നൽകുന്നുണ്ടെന്ന് വേണം കാണാൻ.

ശാരീരികവും മാനസികവും ധാർമികവുമായ വീണ്ടെടുപ്പുകളിലൂടെ മാത്രമേ നമ്മുടെ യുവ തലമുറയെ ഈ കരാള ഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കൂ. അതിന് കയ്യും മെയ്യും മറന്ന് പ്രവർത്തിക്കേണ്ടിവന്നേക്കാം. കാരണം, ലഹരിക്കടിമയായ ജീവനറ്റ ഒരു തലമുറയെയല്ല, പകരം പ്രവർത്തനസ്വലതയും കർമ്മശേഷിയുമുള്ള ജീവസ്സുറ്റ തലമുറയെയാണ് രാജ്യത്തിന്റെ പുരോഗതിക്കായി നമുക്ക് വാർത്തെടുക്കേണ്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!