ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ് ഇതില്‍ 11 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്തെ 170 രാജ്യങ്ങളിലാണ് വൈറസിന്റെ ആല്‍ഫാ വകഭേദം സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെല്‍റ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആല്‍ഫയേക്കാള്‍ വ്യാപനശേഷി വര്‍ധിച്ച വൈറസ് വകഭേദമാണ് ഡെല്‍റ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ജൂണ്‍ 22ന് പുറത്തിറക്കിയ കോവിഡ് 19 വീക്ക്‌ലി എപ്പിഡെമിയോളജിക്കല്‍ അപ്‌ഡേറ്റില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിക്കുന്നവര്‍ക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്‌സിജന്‍ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.
ഈ അപ്‌ഡേറ്റ് പ്രകാരം കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. 4,44,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചമാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തൊട്ടുമുന്നത്തെ ആഴ്ചയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ആഴ്ച കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുളളത്.
അതേ സമയം ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കോവിഡ് രോഗി മരിച്ചതായുളള റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് ഡെല്‍റ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഭോപ്പാലില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ഉജ്ജെയിനില്‍ നിന്നുളള രണ്ടുപേര്‍ക്കുമായിരുന്നു വൈറസ് ബാധ. ഇവരില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.