വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയുള്ള കീഴ്‌ക്കോടതി വിധി രാംപുരിലെ പ്രത്യേകകോടതി റദ്ദാക്കി. രാംപൂർ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അമൃത് വീര്‍ സിങ്ങാണ് അസം ഖാനെ കുറ്റവിമുക്തനാക്കിയത്.
അസം ഖാൻ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാംപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപിയുടെ ആകാശ് സക്‌സേന വിജയിക്കുകയും ചെയ്തിരുന്നു
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റുള്ളവര്‍ക്കുമെതിരെ അനുചിതമായ ഭാഷ ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് 2022 ഒക്ടോബര്‍ 27-ന് അഡിഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിഷാന്ത് മന്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. അസം ഖാന് മൂന്ന് കൊല്ലത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ അസം ഖാന്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അസം ഖാന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധരുടെ സംഘം തീരുമാനമെടുക്കുമെന്ന് അസം ഖാന്റെ അഭിഭാഷകന്‍ സുബൈര്‍ അഹമദ് പറഞ്ഞു. അസം ഖാനെതിരെയുള്ള കേസില്‍ മതിയായ തെളിവുകളുടെ അഭാവത്തിലാണ് മേല്‍ക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുകൂല വിധി പ്രസ്താവം വന്നതിനാല്‍ തുടര്‍നടപടികളെ കുറിച്ച് നിയമവിദഗ്ധരുടെ സംഘം വിശദപഠനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017-ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം അസം ഖാനെതിരെ 80-ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസം ഖാന്റെ പത്‌നി തന്‍സീം ഫാത്തിമ, മകന്‍ അബ്ദുള്ള അസം ഖാന്‍ എന്നിവരും കൂട്ടുപ്രതികളാണ്. മൂന്ന് പേരും നിലവില്‍ ജാമ്യത്തിലാണ്. കഴിഞ്ഞ കൊല്ലം മേയില്‍ ഭൂമികയ്യേറ്റക്കേസില്‍ അസം ഖാന് രണ്ട് കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. സുപ്രീം കോടതി ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഇക്കൊല്ലം ഫെബ്രുവരിയില്‍ അബ്ദുള്ള അസം ഖാന്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

