ഇന്ത്യന്‍ റെയില്‍വേയുടെ ദീര്‍ഘദൂര ട്രെയിനുകളിലെ എസി, റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റുകളിലെ ടിക്കറ്റില്ലാത്ത യാത്രക്കാരെ കുറിച്ച് മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പരാതിയാണ്. വീഡിയോയും ചിത്രങ്ങളും സഹിതം ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ട്രെയിന്‍ യാത്രക്കാര്‍ പരാതികളുമായെത്തുമ്പോള്‍, നടപടിയെടുക്കാമെന്ന റെയില്‍സേവയുടെ സന്ദേശം പുറകെയെത്തും. ഇക്കാര്യത്തില്‍ അതിലപ്പുറത്തേക്ക് മറ്റ് നടപടികളുണ്ടാകാറില്ലെന്നും യാത്രക്കാര്‍ പരാതി പറയുന്നു. ഒടുവില്‍ നടപടിയുമായി റെയില്‍വേ രംഗത്തിറങ്ങിയപ്പോള്‍ ഒരു ട്രെയിനിലെ എസി കോച്ചില്‍ നിന്ന് മാത്രം ടിക്കറ്റില്ലാത്ത 21 പേരെയാണ് റെയില്‍വേ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭഗൽപൂർ എക്‌സ്പ്രസിലായിരുന്നു റെയില്‍വേയുടെ നടപടി. ഭഗൽപൂർ എക്‌സ്പ്രസില്‍ നിന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 21 പേരെയാണ് പിടികൂടിയത്. ആർപിഎഫിന്‍റെ ചുമതലയുള്ള ഇൻസ്‌പെക്ടർ അരവിന്ദ് കുമാർ സിംഗ്, കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് ചീഫ് ട്രാഫിക് ഇൻസ്‌പെക്ടർ എന്നിവർ ചേർന്നാണ് ഭഗൽപൂർ ദനാപൂർ ഇന്‍റർസിറ്റി എക്‌സ്പ്രസ് ട്രെയിൻ നമ്പർ 13402-ന്‍റെ എസി കോച്ചിൽ പരിശോധന നടത്തിയത്. പിടികൂടിയ 21 പേരില്‍ നിന്നും പിഴ ഈടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.