തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി ഇടപാടുണ്ടെന്ന ആരോപണത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ G സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. സ്റ്റാലിന്റെ വിശ്വസ്തനും ഡിഎംകെ പക്ഷത്തെ പ്രമുഖനായ എംഎൽഎയുമായ എം.കെ.മോഹന്റെ വീട്ടിലും ആദ്യ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ മോഹൻറെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ റോഡുപരോധിക്കുന്നു. ഇത് കൂടാതെ സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ‘ഡിഎംകെ ഫയൽസ്’ എന്ന പേരിൽ ഡിഎംകെയുടെ അഴിമതികളെ കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.