തെല്‍ അവിവ്: മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെയും ഇസ്രായേല്‍ വധിച്ചു. ഗസ്സയിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ അല്‍-മവാസിയിലെ ഒരു ടെന്റില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാഹ് അല്‍-ബര്‍ദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. അതിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടു. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇസ്രായേല്‍.
ഇന്നലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 46 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിലെ ഖാന്‍ യൂനുസില്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ താമസ കേന്ദ്രങ്ങള്‍ക്കും ഇസ്രായേല്‍ ബോംബിട്ടു. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിലും മാറ്റമില്ല. ഖാന്‍ യുനൂസില്‍ പരിമിത സ്വഭാവത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നാസര്‍ മെഡിക്കല്‍ സമുച്ചയത്തിനു നേരെ ഇസ്രായേല്‍സേന ആക്രമണം നടത്തി.മധ്യ ഗസ്സയിലെ തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ് ആശുപത്രി വെള്ളിയാഴ്ച ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.