ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ.
കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനം ഇടിച്ച് മരിച്ചത്. കേസില്‍ സിയാറ്റില്‍ പൊലീസ് ഓഫിസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി സിയാറ്റില്‍ അറ്റോര്‍ണി ജനറല്‍ ഓഫിസില്‍ ഹര്‍ജി നല്‍കി.
ജാഹ്നവി കണ്ടുലയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്ത് വന്നിരുന്നത്.
സിയാറ്റില്‍ പൊലീസ് ഓഫിസര്‍ ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടത്.