വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. മണ്ഡലം ഏതാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഏതെങ്കിലും മുന്നണിയില്‍ ചേരണോ എന്ന കാര്യത്തിലും തീരുമാനം എടുത്തിട്ടില്ലെന്ന് കമല്‍ സൂചിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മല്‍സരരംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയാകുക എന്നത് ആഗ്രഹം അല്ല, പ്രയത്നം ആണെന്നും കമല്‍ വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതാണെന്ന് കമല്‍ സൂചിപ്പിച്ചു.കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമൽ കൂട്ടിച്ചേർത്തു. ചെന്നൈയില്‍ മൈലാപൂര്, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. മധുരയിലോ കോയമ്പത്തൂരിലോ മത്സരിക്കുമെന്നും സൂചനയുണ്ട്.