കൊൽക്കത്ത: ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഗാംഗുലിയും ലവ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒന്നരവർഷം മുമ്പ് ന്യൂസ് 18 ആണ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നീട് ചിത്രം താൻ നിർമ്മിക്കുമെന്ന് ഗാംഗുലി പറയുകയും ചെയ്തിരുന്നു.
”കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനായി ഞാൻ മുംബൈയിലേക്ക് പോകുകയാണ്. ബയോപിക്കിന്റെ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ മുംബൈയിലെത്തിയ ശേഷം പുനരാംഭിക്കും. സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായിട്ടുണ്ട്, സൗരവ് പറഞ്ഞു. താൻ തന്നെയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”എന്റെ ജീവിതം സിനിമയാകുന്ന ചിത്രത്തിന് ഞാൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. ഇതേപ്പറ്റി ലവ് പ്രൊഡക്ഷൻ ഹൗസുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്റെ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടന്നിരുന്നില്ല. നിർമ്മാണ കമ്പനിയുടെയും തിരക്കുകളും എന്റെ തിരക്കുകളും കാരണമാണ് ചിത്രീകരണം നീണ്ടുപോയത്. എന്നാൽ ഇപ്പോൾ സമയമായിരിക്കുന്നു. ഇനി എല്ലാം വേഗത്തിലാക്കും,’ സൗരവ് പറഞ്ഞു.
അതേസമയം സൗരവിനെ വെള്ളിത്തിരയിൽ ആരാണ് അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നടന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും നിർമ്മാണ കമ്പനിയുമായുള്ള ചർച്ചകൾക്ക് ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ റിലീസിനെപ്പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. നിലവിൽ തിരക്കഥ പൂർത്തിയായിട്ടേയുള്ളുവെന്നും ബാക്കി കാര്യങ്ങൾ ഒക്കെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സൗരവിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആയിരിക്കുമെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സൗരവും രൺബീറിനെയാണ് തെരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തയായിട്ടില്ല. മറ്റ് പല നടൻമാരുടെയും പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
നേരത്തെ ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് പകരം മുൻതാരം റോജർ ബിന്നിയെ തിരഞ്ഞെടുത്തിരുന്നു. മുംബൈയിൽ നടന്ന വാർഷിക യോഗത്തിലാണ് റോജർ ബിന്നിയെ തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. ലോകകപ്പ് നടക്കാനിരിക്കേയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബാംഗ്ലൂർ സ്വദേശിയായ റോജർ ബിന്നി ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളും 72 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാണ് ബിന്നി. 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവുമായിരുന്നു റോജർ ബിന്നി. ബിസിസിഐ സിലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപിക്ക് അനഭിമിതനായതു കൊണ്ടാണ് ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ഗാംഗുലിക്ക് മത്സരിക്കാൻ അവസരം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഗാംഗുലിക്ക് അവസരം നൽകാതിരിക്കുകയും അമിത്ഷായുടെ മകൻ ജെയ് ഷായ്ക്ക് സെക്രട്ടറി സ്ഥാനത്ത് വീണ്ടും അവസരം നൽകിയതും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഗാംഗുലിലെ ഐസിസിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.