ചാത്തമംഗലം, മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചൂലൂര്‍ തോടിന് കുറുകെ നിര്‍മ്മിക്കുന്ന മൂഴാപാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. ജനുവരി അവസാനത്തില്‍ ഉദ്ഘാടനം ചെയ്ത് തുറന്നുകൊടുക്കാന്‍ സാധിക്കുന്ന രീതിയില്‍ ധ്രുതഗതിയില്‍ പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. കാലപ്പഴക്കം കാരണം തകര്‍ച്ച നേരിട്ടിരുന്ന ഈ പാലം പുനര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യത്തെ തുടര്‍ന്ന് പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന് 17.5 മീറ്ററാണ് നീളമുള്ളത്. ഒരു വശത്ത് 1.2 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും 6.5 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ 8.45 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്‍റെ ഇരുവശങ്ങളിലായി നിലവിലുള്ള റോഡ് നവീകരിക്കുന്നതിനുള്ള പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1.4 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച മൂഴാപാലത്തിന്‍റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ആയത് ഉപേക്ഷിച്ചു പോവുകയും പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെണ്ടര്‍ ചെയ്യുകയുമായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.64 കോടി രൂപയാണ് പാലത്തിന് ചെലവാകുന്നത്. പി.ടി.എ റഹീം എം.എല്‍.എ പാലത്തിന്‍റെ പ്രവൃത്തി സൈറ്റിലെത്തി വിലയിരുത്തി.