കൊയിലാണ്ടി : 64 മത് കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജിവിഎച്ച് എസ് എസ്സ് കൊയിലാണ്ടിയാൽ പ്രത്യേകം തയ്യാറാക്കിയ മീഡിയ റൂമിൻ്റെ ഉദ്ഘാടനം നാളെ 10.30 ന് പുതുതലമുറ എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനും ജിവിഎച്ച് എസ് എസ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥിയുമായ റിഹാൻ റാഷീദ് നിർവ്വഹിക്കും.
വ്യത്യസ്തമായ എഴുത്തു ശൈലി കൊണ്ട് ആധുനിക മലയാള സാഹിത്യത്തിൽ കയ്യൊപ്പു രേഖപ്പെടുത്തുന്ന എഴുത്തുകാരനാണ് റിഹാൻ റാഷിദ്. ഭാവനകൊണ്ടും ഭാഷകൊണ്ടും തന്റേതായ ഒരു ഇടം കണ്ടെത്തി മുന്നേറുന്ന വ്യക്തി. പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയനാണ് റിഹാന്‍ റാഷിദ്. വൈവിധ്യമാർന്ന പ്രമേയങ്ങളും, ഭാഷാ പ്രയോഗവും റിഹാനെ മറ്റു എഴുത്തുകാരിൽ നിന്ന് വേറിട്ട് നിർത്തുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനനം. ‘സമ്മിലൂനി’, ‘അഘോരികളുടെ ഇടയിൽ’, ‘മോഡസ് ഓപ്പറാണ്ടി’, ‘ഡോൾസ്’, ‘ബ്യൂസെഫലസ്’, ‘യുദ്ധാനന്തരം’, ‘കായൽമരണം’, ‘പ്രണയജിന്നുകൾ’, ‘കാകപുരം’ എന്നിവ പ്രധാന കൃതികൾ. ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്‌ഷൻ നോവൽ മത്സരത്തിൻ്റെ ചുരുക്ക പ്പട്ടികയിൽ ഡോൾസ് എന്ന കൃതി ഇടം നേടി.
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളത്തിലെ പ്രമുഖ പ്രസാധകർ വഴി ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കടുത്ത ജീവിത വഴികളിലൂടെ നടന്നു നീങ്ങി നേടിയ ആത്മവിശ്വാസവും അനുഭവങ്ങളുമാണ് ഈ എഴുത്തുകാരന്റെ കരുത്ത്. കൊയിലാണ്ടി സ്വദേശിയായ റിഹാൻ എഴുതിയ ക്രൈം ത്രില്ലറുകൾ മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളാണ്. റിഹാൻ ‘ബുക്കർ ബുക്സ് ‘ എന്ന തന്റെ പ്രസാധന കമ്പനിയിലൂടെ സംരംഭ ലോകത്തേക്കും കടന്നിട്ടുണ്ട്.
ഫെയ്സ്ബുക്കിലെ എഴുത്തുമേശയിൽ നിന്നായിരുന്നു റിഹാൻ റാഷിദെന്ന എഴുത്തുകാരന്റെ പിറവി. 2018ൽ ആദ്യ പുസ്തകം ‘സമ്മിലൂനി’ ഇറങ്ങിയപ്പോൾ, ‘‘വായിച്ചിട്ട് വലിച്ചെറിഞ്ഞു’’ എന്ന് റിഹാനോട് പറഞ്ഞവരുണ്ട്. വർഷം 2024 എത്തുമ്പോൾ റിഹാന്റേതായി ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത് 12 പുസ്തകങ്ങളാണ്. ആ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. പ്രമേയത്തിലും ഭാഷയിലും വ്യത്യസ്തത പുലർത്തുന്ന ആ പുസ്തകങ്ങൾക്കു പിന്നിൽ, സ്വയം ചാലഞ്ച് ചെയ്തു കൊണ്ടേയിരിക്കുന്ന ഒരാളുടെ അധ്വാനമുണ്ടെന്ന് റിഹാൻ പറയും.
പെർഫ്യൂം കടയിൽ ജോലിക്കിടെയാണ് റിഹാന്റെ ജീവിതത്തിലേക്ക് വായനയുടെ സുഗന്ധമെത്തുന്നത്. പിന്നീട് ആ സുഗന്ധം അദ്ദേഹത്തെ വിട്ടു പോയിട്ടില്ല. പലതരത്തിൽ, അദ്ദേഹത്തിന്റെ സർഗശേഷിയിലൂടെ ആ ഗന്ധം വായനക്കാരിലെത്തുന്നു. അവരത് ആസ്വദിക്കുന്നു. ചിലരെങ്കിലും വിമർശിക്കുന്നു. പക്ഷേ വിമർശകരോട് റിഹാൻ പറയും. ‘‘നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും ഒക്കെ വായനക്കാരെ ബഹുമാനത്തോടെ കാണണം. വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവരുണ്ടാകും. അത് അവർ പറയട്ടെ. അത് പറയാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യരാജ്യത്ത് അവർക്കുണ്ട്. നമ്മൾ ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളുക, അല്ലാത്തതിനെ തള്ളുക. മരങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്നത് പോലെയാണത്. ആവശ്യമുള്ള ഊർജം എടുത്ത് ബാക്കി അതിന്റെ വഴിക്ക് പോട്ടേയെന്നു വിചാരിക്കുക.’’
പറച്ചിലിലെ ഈ രസം റിഹാന്റെ എഴുത്തിലുമുണ്ട്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കാത്തിരിക്കുന്ന ഒട്ടേറെ പേരുമുണ്ട്. സമൂഹമാധ്യമത്തിലെ സെലിബ്രിറ്റി എഴുത്തുകാരനാകാൻ ആഗ്രഹമില്ല റിഹാന്. പക്ഷേ വായനയും സമൂഹമാധ്യമങ്ങളും സൗഹൃദങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൃത്യമായ ധാരണയുണ്ട്. ഈ ഓണക്കാലത്ത് മലയാള മനോരമ പ്രീമിയം വായനാവിരുന്നിൽ മനസ്സു തുറക്കുകയാണ് റിഹാൻ. മനോരമ ഓൺലൈൻ അസി. പ്രൊഡ്യൂസർ ആതിര സരാഗിനോട് സംസാരിക്കുകയാണ് അദ്ദേഹം.
∙ വായനക്കാരനായ ഒരു വ്യക്തി എന്ന നിലയിൽനിന്ന് ഇന്ന് മലയാളി എഴുത്തുകാരിൽ അറിയപ്പെടുന്ന ഒരാൾ എന്ന നിലയിലേക്കുള്ള ഒരു സഞ്ചാരമുണ്ടല്ലോ. ‘സമ്മിലൂനി’ മുതൽ ഏറ്റവും അവസാനം ഇറങ്ങിയ പുസ്തകം വരെ വായനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വ്യത്യസ്തമായ പുസ്തകങ്ങളാണ്. അത്തരത്തിൽ ഒരു രചയിതാവിലേക്കുള്ള സഞ്ചാരം എങ്ങനെയായിരുന്നു?
കുട്ടിക്കാലത്ത് ഒരുപാട് വായനയൊന്നും ഉണ്ടായിരുന്ന ആളല്ല ഞാൻ. ബാലരമ, ബാലമംഗളം, മനോരമ, പത്രങ്ങൾ… യൗവനത്തിലേക്ക് എത്തുമ്പോൾ മുത്തുച്ചിപ്പി പോലുള്ള പുസ്തകങ്ങൾ ഒക്കെയാണ് വായിച്ചിരുന്നത്. കുടുംബത്തിൽ വായിക്കുന്ന ആളുകളോ, അങ്ങനെയൊരു വായനസമൂഹത്തിന്റെ പിന്തുണയോ ഒന്നും ഉണ്ടായിരുന്ന ആളേയല്ല. പക്ഷേ, റോഡിലൂടെ നടന്നു പോകുമ്പോൾ ഒരു തീപ്പെട്ടിച്ചിത്രം കണ്ടാലും ഒരു കടല പൊതിഞ്ഞ പേപ്പർ കിട്ടിയാലും ഒക്കെ വായിക്കുമായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വെറുതെ വായിക്കുന്ന ഒരു ശീലമായി അതു മാറി. പണ്ട് ബോറടിക്കുമ്പോൾ ഞാൻ ചെയ്തിരുന്ന ഒരു കാര്യമുണ്ടായിരുന്നു, ഒരക്ഷരം പോലും വിടാതെ പത്രം മുഴുവൻ വായിക്കുക.
2010 ഒക്കെ ആകുമ്പോഴേക്ക് വായന കുറച്ചുകൂടി ഗൗരവമായി. 2013–14 കാലത്ത് ഗൾഫിൽ പോയി. ആദ്യത്തെ രണ്ടു മൂന്നു മാസം ഒരു മാളിലെ പെർഫ്യൂം കടയിലായിരുന്നു ജോലി. പെർഫ്യൂം വിശറികളിൽ പൂശി ആളുകൾക്ക് പരീക്ഷിച്ചു നോക്കാനായി നൽകും. രണ്ടോ മൂന്നോ മണിക്കൂറൊക്കെ കഴിഞ്ഞാവും പലരും തിരിച്ചെത്തുക. അന്ന് തീരെ സമയമുണ്ടായിരുന്നില്ല. പിന്നീട് പെർഫ്യൂം നിർമിക്കുന്ന സ്ഥലത്തേക്ക് മാറി. അങ്ങനെ വന്നപ്പോൾ ധാരാളം സമയമുണ്ട്. അപ്പോഴാണെങ്കിൽ വായിക്കാൻ കയ്യിൽ പുസ്തകങ്ങളില്ല. ഫെയ്സ്ബുക്കിൽ പലരും എഴുതുന്ന കഥകൾ, ഓൺലൈനിൽ വരുന്ന രചനകൾ ഒക്കെയായിരുന്നു വായന.
എനിക്കും എന്തുകൊണ്ട് എഴുതിക്കൂടാ, എനിക്കും എന്തൊക്കെയോ പറയാനുണ്ട് എന്ന തോന്നലിൽ നിന്നാണ് എഴുതിത്തുടങ്ങുന്നത്. ഫെയ്സ്ബുക്കിൽ ആളുകൾ പലരും ‘കൊള്ളാം’ എന്ന് പറഞ്ഞു തുടങ്ങി, നന്നായി വായിക്കണം എന്ന് പലരും പറഞ്ഞു. അവിടെനിന്നാണ് പുസ്തകങ്ങളിലേക്ക് വരുന്നത്. കവിതയെന്നോ കഥയെന്നോ നോവലെന്നോ ലേഖനമെന്നോ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം വായിക്കും. ഇപ്പോൾ കുറേക്കൂടി സിലക്ടീവ് ആയിട്ടുണ്ടെങ്കിൽ പോലും മടുപ്പിക്കാത്തതെന്തും വായിക്കുക എന്ന ശീലം ഇപ്പോഴുമുണ്ട്. എല്ലാ ദിവസവും കുറച്ചു പേജുകളെങ്കിലും വായിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല.
നമ്മളൊക്കെ ഒരു 30 സെക്കൻഡിനുള്ളിൽ കെട്ടിയിടപ്പെട്ട മനുഷ്യന്മാരാണ്. ഒരു സ്റ്റോറിയോ റീലോ കണ്ടാൽ ഉടൻതന്നെ പുതിയ കാഴ്ചയാണ് നമ്മൾ തേടുന്നത്. കണ്ട കാഴ്ചയെക്കുറിച്ചുള്ള ആത്മവേദനയോ സന്തോഷമോ അതിനുശേഷം നമ്മളിൽ ഇല്ല. കാഴ്ചയിലും കേൾവിയിലും പുതിയത് തേടുന്ന, സ്ക്രോളിങ്ങിന്റെ അതേ ലാഘവത്തോടെയാണ് നമ്മൾ വൈകാരികതകളിലും ഇടപെടുന്നത് എന്നാണ് എന്റെ തോന്നൽ.
2014 മുതൽ 2018 വരെ ഫെയ്സ്ബുക്കിൽ എഴുതിയ കുറേ കഥകളുണ്ടായിരുന്നു. അതാണ് ‘സമ്മിലൂനി’ എന്ന പേരിൽ പുസ്തകമാകുന്നത്. അത് വലിയ ആഗ്രഹത്തിന്റെ പുറത്താണ് ഇറങ്ങുന്നത്. കുറേ സുഹൃത്തുക്കളൊക്കെ പണം തന്ന് സഹായിച്ചിട്ടുണ്ട്. എന്റെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളാകും ആ പുസ്തകം വാങ്ങുകയെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, അതിനു പുറത്തുള്ളവരിലേക്കും ആ പുസ്തകം എത്തി. ഇപ്പോഴും ഓർമയുണ്ട് ഒരാൾ പറഞ്ഞത്, ‘‘ഞാനിത് വായിച്ചിട്ട് വലിച്ചെറിഞ്ഞു’’ എന്ന്. എഴുത്തിലെ ഗൗരവമുള്ള പ്രശ്നങ്ങൾ പറഞ്ഞു തന്ന്, ‘‘തിരുത്തിയാൽ നന്നായിരിക്കും’’ എന്ന് പറഞ്ഞ പലരുമുണ്ട്. അങ്ങനെയാണ് ഇതിൽ ഗൗരവത്തോടെ നിൽക്കാൻ തീരുമാനിച്ചത്.
എഴുത്തിന്റെ കാര്യത്തിൽ ആഖ്യാനത്തിലും വിഷയസ്വീകരണത്തിലും ഭാഷയിലും സ്വയം ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. എഴുത്തുകാരന്റെ പേരില്ലെങ്കിലും ഇത് ഇയാൾതന്നെ എഴുതിയതാണ് എന്ന് തിരിച്ചറിയരുതല്ലോ. അതിൽ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നറിയില്ല. എഴുതുമ്പോൾ ഇത് പ്രസിദ്ധീകരിക്കുമോ, ആളുകളിലേക്ക് എത്തുമോ എന്നൊന്നും ചിന്തിക്കാറില്ല. ഒരു ആശയം കിട്ടിയാൽ പരമാവധി സമയം കൊടുത്ത് നന്നായി എഴുതുക എന്നു മാത്രമേ ചിന്തിക്കാറുള്ളൂ. 12 പുസ്തകളാണ് ഇതുവരെ എഴുതിയത്. ഇപ്പോഴും ഒരു കഥ എഴുതുമ്പോൾ ആദ്യ പുസ്തകത്തിനു കൊടുക്കുന്ന അതേ പരിചരണത്തോടെയാണ് എഴുതുന്നത്. സമ്മിലൂനി എഴുതുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നില്ല, പക്ഷേ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ആരംഭിച്ചതോടെ ആ ഭയമുണ്ട്. വ്യത്യസ്തമായി എഴുതുന്നു എന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.
∙ സമൂഹമാധ്യമങ്ങൾ വളരെ ആക്ടീവ് ആയി നിൽക്കുന്ന കാലത്ത് എഴുത്തിലേക്ക് വന്ന ആളാണ്. പുസ്തകവിൽപനയ്ക്കും സമൂഹമാധ്യമങ്ങൾ വലിയതോതിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതിനപ്പുറത്ത് പുതിയ എഴുത്തുകാർ തമ്മിലും എഴുത്തുകാരും വായനക്കാരും തമ്മിലും നല്ല സൗഹൃദങ്ങൾ ഉണ്ടായിവരുന്നതായി കാണാറുണ്ട്. അതിൽ സമൂഹമാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നില്ലേ?
ഞാൻ പൊതുവേ ആളുകളുമായി ആശയവിനിമയം നടത്തുന്നതിൽ ഇത്തിരി പിന്നോട്ടാണ്. ആളുകൾ വായിച്ചിട്ട് കമന്റ് ഇടുകയോ മെസഞ്ചറിൽ ഒരു മെസേജ് ഇടുകയോ ചെയ്താൽ ഒരു സ്റ്റിക്കറോ ഇമോജിയോ അയയ്ക്കുകയോ അല്ലെങ്കിൽ ഒറ്റ വാക്കിൽ നന്ദി പറയുകയോ ചെയ്യുന്ന ആളാണ്. അതിലപ്പുറം ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകാൻ എനിക്കറിയില്ല. ഇപ്പോൾ ആളുകൾ പുസ്തകം വായിച്ച് ടാഗ് ചെയ്ത് ഒരു പോസ്റ്റ് ഇട്ടാൽ നന്ദി പറയുകയും ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. കാരണം, അതിൽ അയാളുടെ സമയം ഉണ്ട്, പണം ഉണ്ട്.
നല്ലതു പറഞ്ഞാലും ചീത്ത പറഞ്ഞാലും ഒക്കെ വായനക്കാരെ ബഹുമാനത്തോടെ കാണണം. വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവരുണ്ടാകും. അത് അവർ പറയട്ടെ. അത് പറയാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യരാജ്യത്ത് അവർക്കുണ്ട്. നമ്മൾ ഉൾക്കൊള്ളേണ്ടതിനെ ഉൾക്കൊള്ളുക, അല്ലാത്തതിനെ തള്ളുക എന്നേയുള്ളൂ. മരങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്നത് പോലെയാണത്. ആവശ്യമുള്ള ഊർജം എടുത്ത് ബാക്കി അതിന്റെ വഴിക്ക് പോട്ടേയെന്നു വിചാരിക്കുക. പിന്നെ, മത്സരാധിഷ്ഠിതമായ ഈ ലോകത്ത് സൗഹൃദങ്ങൾക്ക് അത്ര ആത്മാർഥത ഉണ്ടോയെന്ന് സംശയമുണ്ട്. എഴുത്തുകാരെന്നാൽ ഉറപ്പായിട്ടും കുറച്ചുകൂടി ഈഗോ ഉള്ളവരാണ്. ഒറ്റയടിക്ക് എല്ലാവരും തമ്മിൽ വലിയ സൗഹൃദമാണെന്നൊന്നും പറയാൻ ഞാൻ ആളല്ല. എനിക്ക് കുറച്ചുപേരോട് സൗഹൃദമുണ്ട്. അവരോട് അവരുടെ എഴുത്തിനെപ്പറ്റി നമുക്ക് തോന്നിയത് എന്താണെന്ന് തുറന്നുപറയാൻ പറ്റും. നമ്മളോടും പറയും.
പിന്നെ, മാർക്കറ്റിങ്ങിന്റെ കാര്യത്തിൽ, സമൂഹമാധ്യമം എന്ന് പറയുന്നത് വലിയൊരു ചന്തയാണ്. അവിടെച്ചെന്ന് നമുക്കിങ്ങനെ പറയാം, ഇതാ എന്റെ പുസ്തകം വരികയാണ്, എന്റെ പുസ്തകം ഇത്രയാളുകൾ വാങ്ങിച്ചു, ഇത്രയാളുകൾ വായിച്ചു എന്നൊക്കെ. നിരന്തരം ഇങ്ങനെ വിളംബരം ചെയ്യുമ്പോൾ നല്ല ഉൽപന്നങ്ങൾ വിറ്റുപോകും, നിലനിൽപ്പുണ്ടാകും. ചിലത് ഒരു മത്താപ്പൂത്തിരി കത്തിക്കുന്നതുപോലെയാണ്. ആദ്യത്തെ പൊട്ടലും ചീറ്റലും കഴിയുമ്പോ അതിന്റെ സൗന്ദര്യമൊക്കെ പോയി ചാരമാകും. ചിലത് കനലുപോലെ കത്തിക്കൊണ്ടിരിക്കും. അത് പതിയെയാണെങ്കിലും അതിനൊരു നിലനിൽപ്പുണ്ടാവും. അങ്ങനെയാവണമെന്നാണ് ആഗ്രഹിക്കുന്നത്.
∙ പുതുതലമുറയുടെ എഴുത്ത് ‘വൈറൽ’ എന്നൊരു കാറ്റഗറിയിലേക്ക് മാറുന്നുണ്ടല്ലോ. പക്ഷേ, എഴുതാൻ സ്വീകരിക്കുന്ന വിഷയങ്ങൾ പ്രണയം, കുറ്റകൃത്യം, സയൻസ് എന്നിവയിലേക്ക് മാത്രം ചുരുങ്ങുന്നതായി തോന്നുന്നുണ്ടോ? വളരെ വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇതിനെ എങ്ങനെയാണ് കാണുന്നത്?
ഇത് ഓരോകാലത്തും ഉണ്ടാകുന്ന ട്രെൻഡാണ്. 2016 കാലത്ത് യാത്രാവിവരണപുസ്തകങ്ങളായിരുന്നു ട്രെൻഡ്. അതിനുശേഷമാണ് ക്രൈം ത്രില്ലറുകളുടെ ട്രെൻഡ് റീസ്റ്റാർട്ട് ചെയ്യുന്നത്. കുറച്ചുകാലം അത് ഓടി. പിന്നെയാണ്, റൊമാൻസ് ഫിക്‌ഷൻ വരുന്നത്. അവ മാറികൊണ്ടിരിക്കും. സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആകുക എന്നൊരു സംഗതിയുണ്ട്. ഉദാഹരണത്തിന് ഒരു പ്രത്യേകതരം കുനാഫ ട്രെൻഡിങ് ആവുന്നു എന്ന് കരുതുക. അതിന് രുചിയുണ്ടാകാം, ഇല്ലാതിരിക്കാം. ചിലർക്ക് ഇഷ്ടപ്പെടാം മറ്റു ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ, സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ആളുകളെ സംബന്ധിച്ച് നമ്മൾ ഈ ട്രെൻഡിന്റെ ഭാഗമായില്ലെങ്കിൽ കാലഹരണപ്പെട്ടു പോകും എന്നൊരു തോന്നലുണ്ടാകും. അപ്പോൾ അതിന്റെ രുചി ഇഷ്ടമില്ലാത്തവർ പോലും ആ ട്രെൻഡിന്റെ ഭാഗമാവാൻ ശ്രമിക്കും. വായനയിലും ആ പ്രവണതയുണ്ട്.
പുസ്തകം അവിടെ നിൽക്കട്ടെ, നമ്മൾ ഒരു പോസ്റ്റിൽ മഞ്ജു വാര്യരെ ടാഗ് ചെയ്തു എന്നു കരുതുക. ‘കൊളാബ്’ ചെയ്യുക എന്നതാണ് അതിന്റെ വാക്ക്. അവർ അത് അവരുടെ വാളിലേക്ക് എടുക്കുമ്പോ നമ്മുടെ പ്രൊഫൈലും കൂടി നാലാള് കാണുകയാണ്. അവരെ ടാഗ് ചെയ്ത് ഒരു വിഡിയോ ചെയ്യുമ്പോൾ അത് ചെയ്ത ആളും കൂടി വൈറലാകുകയാണ്. ‘വാഴ നനയുമ്പോൾ ചീരയും നനയുക’ എന്നതാണ് ഇതിനു പിന്നിലെ മനഃശാസ്ത്രം എന്നാണ് ഞാൻ കരുതുന്നത്.
ഒരുപാട് ഉപരിപ്ലവമായ ഈ വായനകൾ വളരെവേഗം കഴിയും. പക്ഷേ, അതിൽനിന്നുണ്ടായ ഗുണം എന്നു പറയുന്നത് പുതിയ ഒരുപാടാളുകൾ വായനയിലേക്ക് വന്നു എന്നതാണ്. ഒരു നൂറുപേർ ഇതിലേക്ക് വന്നിട്ടുണ്ടെങ്കിൽ 15 പേരെങ്കിലും ഇതിൽ നിലനിൽക്കും. ഘട്ടം ഘട്ടമായി നല്ല വായനക്കാരായി മാറും. ബാലഭൂമിയിൽ നിന്ന് നമ്മൾ ഒ.വി.വിജയനിൽ എത്തിയതുപോലെ അവരെത്തും. അത് എല്ലാക്കാലത്തും അങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്.
∙ ട്രെൻഡിന്റെ ഭാഗമായി പുതിയ എഴുത്തുകൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ ഇത്തരം പുസ്തകങ്ങളെ ആക്ഷേപിച്ച് മുതിർന്ന എഴുത്തുകാർ രംഗത്തു വരുന്നതും കണ്ടു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അത് ഒരുതരം ‘അമ്മാവൻ സിന്‍ഡ്ര’മാണ്. ഇതിന് തൊട്ടുമുൻപു വരെ എല്ലാ നിലയിലും ആഘോഷിക്കപ്പെട്ടിരുന്നത് അവരായിരുന്നില്ലേ, ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ട്. അത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. പുതിയ ആളുകൾക്ക് ഇക്കാലത്ത് കുറേക്കൂടി ശ്രദ്ധ കിട്ടുന്നു എന്നതിന്റെ കാര്യം വായനയും സമൂഹമാധ്യമങ്ങളും കുറേക്കൂടി ഉപയോഗിക്കുന്നത് ചെറുപ്പക്കാരാണ് എന്നതാണ്. ഇൻസ്റ്റഗ്രാമിന്റെ കാര്യമെടുത്താൽ 10–35 പ്രായത്തിലുള്ളവരായിരിക്കും അതിലേറെയും. പിന്നെയും ചുരുക്കിയാൽ ഇരുപതുകളിലുള്ളവരാണ് കൂടുതൽ. അവരുടെ ജീവിതവുമായി എളുപ്പത്തിൽ കണക്ട് ചെയ്യാവുന്ന പ്രമേയങ്ങളാണ് പുതിയ പുസ്തകങ്ങളിലുള്ളത്. വലിയ കാമ്പുള്ള രചനകളാവില്ല, വായിച്ച് ദിവസങ്ങളോളം വേട്ടയാടണം എന്നുമില്ല.
നമ്മളൊക്കെ ഒരു 30 സെക്കൻഡിനുള്ളിൽ കെട്ടിയിടപ്പെട്ട മനുഷ്യന്മാരാണ്. ഒരു സ്റ്റോറിയോ റീലോ കണ്ടാൽ ഉടൻതന്നെ പുതിയ കാഴ്ചയാണ് നമ്മൾ തേടുന്നത്. കണ്ട കാഴ്ചയെക്കുറിച്ചുള്ള ആത്മവേദനയോ സന്തോഷമോ അതിനുശേഷം നമ്മളിൽ ഇല്ല. കാഴ്ചയിലും കേൾവിയിലും പുതിയത് തേടുന്ന, സ്ക്രോളിങ്ങിന്റെ അതേ ലാഘവത്തോടെയാണ് നമ്മൾ വൈകാരികതകളിലും ഇടപെടുന്നത് എന്നാണ് എന്റെ തോന്നൽ. വായനയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പുതിയ കാലത്തെ ഇത്തരം പുസ്കകങ്ങൾ താൽക്കാലികമായി അവരെ സന്തോഷിപ്പിക്കുന്നുണ്ട്.
വൈബ്, കൊളാബ്, ടാഗ് ചെയ്യുക, സീനാവുക തുടങ്ങി അവരുപയോഗിക്കുന്ന പുതിയ വാക്കുകൾ ഉൾപ്പെടുന്ന പുസ്തകങ്ങളുമായൊക്കെ അവർക്ക് കണക്ട് ചെയ്യാനാകും. അത് ആഘോഷിക്കപ്പെടുകയും ചെയ്യും. 5 വർഷം കഴിഞ്ഞാൽ നമ്മളും മുതിർന്നവരാകും. അപ്പോഴുള്ള ആളുകളെ നമ്മളും ചീത്ത പറഞ്ഞേക്കാം. ഇത് ഓരോ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പറയുന്ന മുതിർന്ന എഴുത്തുകാർക്ക് മുൻപുള്ള തലമുറയിൽ അവരായിരുന്നു യുവ എഴുത്തുകാർ. ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കും. അങ്ങനെയൊരു സിൻഡ്രം എല്ലാക്കാലത്തുമുണ്ടാകും.
‘മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാൻ’ എന്നുതന്നെ പറയുന്ന എഴുത്തുകാരനാണ് റിഹാൻ. വിമർശിക്കാൻ ഒരുപാട് ആളുണ്ടെന്ന് പറയുന്നതു പോലെത്തന്നെ നിലപാടിനൊപ്പവും ആളുകൾ ചേർന്നു നിൽക്കുന്നില്ലേ? നിലപാടുകൾ തുറന്നു പറയാൻ കുറേക്കൂടി വേദികളും ഉണ്ടാകുന്നുണ്ട്. അങ്ങനെയൊരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?
ലോകത്തു തന്നെ ഒരു 35 വർഷത്തിനിടെയാണ് സാങ്കേതികത ഇത്രയും വളർന്നത്. മുൻപ് നമുക്കൊരു എഴുത്തുകാരനെ കാണണമെങ്കിൽ, എന്തെങ്കിലും പറയണമെങ്കിൽ നമ്മൾ കത്തയയ്ക്കണം. ആ കത്തവിടെ കിട്ടിയോ എന്നുപോലും അറിയാനാവില്ല. ഒരു കവിതയെഴുതി അയച്ചാൽ അത് തിരികെ കിട്ടണമെങ്കിൽ മടക്കത്തപാലിനടക്കം പൈസ വച്ചാണ് അത് അയയ്ക്കേണ്ടിയിരുന്നത്. അതിനെയാണ് മൊബൈൽ ഫോണും ഇന്റർനെറ്റ് ടെക്നോളജിയും കൂടി വന്ന് തകിടം മറിച്ചത്. ടെക്നോളജി വന്നതോടെ എല്ലാവരും എഴുത്തുകാരായി. എല്ലാവരും പത്രപ്രവർത്തകരായി, എല്ലാവരും അന്വേഷകരായി. ഇതിന്റെ നെഗറ്റീവ് വശം, എഡിറ്റർമാർ ഇല്ലാതായി എന്നതാണ്. ആർക്കും ആരെയും എന്തും പറയാം.
സിനിമയ്ക്കു വേണ്ടി അലഞ്ഞു നടക്കുന്ന എത്രയോ പേരുണ്ട്, അവരെടുക്കുന്ന പരിശ്രമങ്ങളുണ്ട്, കഷ്ടപ്പാടുണ്ട്, സഹനങ്ങളുണ്ട്. ഞാനത് എഴുത്തിലേ സഹിക്കുന്നുള്ളൂ എന്നതാണ് അതിന്റെ വ്യത്യാസം. അറിയാവുന്ന ആളുകളുടെ കഥകൾ സിനിമയാകുന്നു എന്നു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. പക്ഷേ, അതെന്റെ സ്വപ്നമല്ല.
സംഘടിതമായി ഒരാളെ ആക്രമിക്കാൻ, ആൾക്കൂട്ട ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യാൻ ഒക്കെ ഇത്തരത്തിൽ എളുപ്പത്തിൽ കഴിയും. ഒറ്റ ക്ലിക്കിൽ അത് കഴിയുകയാണ്. ഒരേ വാക്കുകൾ ഒരാൾക്കെതിരെ, ഒരു ഗ്രൂപ്പിനെതിരെ നിരന്തരം പ്രചരിപ്പിക്കുകയാണ്. ഇവിടെ സമൂഹമാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. സംഘപരിവാറിനെതിരെയോ ആർഎസ്എസിനെതിരെയോ പോസ്റ്റിട്ടാൽ പലസ്തീനെ അനുകൂലിച്ച് സംസാരിച്ചാൽ ഒക്കെ അത് ആരെയും കാണിക്കാതെ വയ്ക്കുന്ന രീതിയിലെ ഇടപെടൽ നവീന കാലത്തെ ഫാഷിസമാണ്. തങ്ങൾക്ക് പ്രതികൂലമാവുന്ന കോണ്ടന്റുകൾ നിയന്ത്രിക്കപ്പെടുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ അപ്പോഴും കുറേയധികം ആളുകൾക്ക് അഭിപ്രായം പറയാൻ ഒരു വേദി ഉണ്ടാകുന്നുണ്ട്. നേരിട്ട് ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ പേടിയുള്ള ഒരാൾക്ക് പോലും ഒരു ഫോണിന്റ അപ്പുറത്തിരുന്ന് ലോകത്തെ വെല്ലുവിളിക്കാം, ലോകത്തെ സ്നേഹിക്കാൻ ആഹ്വാനം ചെയ്യാം. അങ്ങനെയൊരു സൗകര്യം കൂടി ഇതിനുണ്ട്.
∙ എഴുത്തുകാർ പിന്നീട് സിനിമയിലേക്ക് എത്തുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ, ഇക്കാലത്ത് സിനിമ, വെബ്സീരിസ് എന്നിങ്ങനെ കുറേക്കൂടി സാധ്യതകൾ ഉണ്ടല്ലോ. കുറേക്കൂടി അവസരങ്ങളുമുണ്ട്. എഴുത്തും സിനിമയും രണ്ടല്ല, ഒന്നാണെന്ന വീക്ഷണത്തെപ്പറ്റി എന്തു തോന്നുന്നു?
എനിക്ക് തോന്നുന്നത് ഇന്നത്തെ എഴുത്തുകാരിൽ 99 ശതമാനവും സിനിമയെക്കൂടി ആഗ്രഹിക്കുന്നുണ്ട് എന്നാണ്. പക്ഷേ, ആ 99നു ശേഷം വരുന്ന ഒരു ശതമാനത്തിൽ പെടുന്ന ആളാണ് ഞാൻ. ഞാൻ ഒരിക്കലും സിനിമയെ ഒരു സ്വപ്നമായി കണ്ടിട്ടേയില്ല. എന്റെ ഒരു പുസ്തകം സിനിമയാകുന്നെങ്കിൽ ആയിക്കോട്ടെ. പക്ഷേ അതിനായി ഞാൻ എഴുതുന്നതേ ഇല്ല. എഴുത്തുകാരനെന്ന നിലയിൽ എന്റെ സ്വപ്നം ഒരു നോവലിസ്റ്റാവുക അത്തരത്തിൽ അടയാളപ്പെടുത്തുക എന്നതാണ്. സിനിമ ഒരു മോശം കാര്യമാണ് എന്നതല്ല ഇപ്പറഞ്ഞതിന്റെ അർഥം. സിനിമയ്ക്കു വേണ്ടി അലഞ്ഞു നടക്കുന്ന എത്രയോ പേരുണ്ട്, അവരെടുക്കുന്ന പരിശ്രമങ്ങളുണ്ട്, കഷ്ടപ്പാടുണ്ട്, സഹനങ്ങളുണ്ട്. ഞാനത് എഴുത്തിലേ സഹിക്കുന്നുള്ളൂ എന്നതാണ് അതിന്റെ വ്യത്യാസം. അറിയാവുന്ന ആളുകളുടെ കഥകൾ സിനിമയാകുന്നു എന്നു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. പക്ഷേ, അതെന്റെ സ്വപ്നമല്ല.
∙ പ്രണയജിന്നുകൾ, അഘോരികളുടെ ഇടയിൽ, ആത്മഹത്യയുടെ രസതന്ത്രം, ബ്യുസെഫലസ്, കാകപുരം, കായൽ മരണം.. തുടങ്ങി ഓരോ പുസ്തവും തികച്ചും വ്യത്യസ്തമാണല്ലോ. എങ്ങനെയാണ് ഈ പുതുക്കലിന് കഴിയുന്നത്? അതിനെടുക്കുന്ന ശ്രമങ്ങൾ എന്താണ്?
ഞാൻ ഒരുപാട് അഭിമുഖങ്ങൾ കാണും, വാർത്തകൾ വായിക്കും. ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കും. ബൈബിൾ വായിക്കാനും എനിക്കിഷ്ടമാണ്. അങ്ങനെയെല്ലാമാണ് ഏതെങ്കിലുമൊരു ആശയത്തിലേക്ക് വരുന്നത്. ഡാവിഞ്ചി തന്റെ സ്റ്റുഡിയോയുടെ സമീപത്തെ ശ്മശാനത്തിൽ പോയി മൃതദേഹങ്ങൾ പുറത്തെടുത്ത് കീറിമുറിച്ച് പഠിക്കുമായിരുന്നു എന്ന് ഒരു ഇന്റർവ്യൂവിൽ കേട്ടപ്പോൾ കൗതുകം തോന്നി. ഇത് എങ്ങനെ എഴുതാം എന്ന ആലോചനയിൽ നിന്നാണ് ‘മോഡസ് ഓപ്പറാണ്ടി’ എന്ന നോവലിന്റെ പിറവി. ഒരാൾ കുറ്റവാളി ആകണമെങ്കിൽ, തീവ്രവാദത്തിലേക്ക് പോകണമെങ്കിൽ ഒരു കാരണം ഉണ്ടായിരിക്കുമല്ലോ. ആ ചോദ്യത്തിന്റെ അന്വേഷണമാണ് ‘യുദ്ധാനന്തരം’. ഫാഷിസം എങ്ങനെയാണ് ഈ നാട്ടിലെ ദലിതരെയും മുസ്‌ലിംകളെയും ബാധിക്കുന്നത് എന്ന വായനകളുടെ ഭാഗമായാണ് ‘കാകപുരം’ പിറവിയെടുക്കുന്നത്.
ഒരു കവിത വായിച്ചതോർക്കുന്നു. ചൂണ്ടയിൽ ഇര കൊരുത്ത് ഒരാൾ മീൻ പിടിക്കാൻ പോകുകയാണ്. ചൂണ്ടക്കൊളുത്തിലെ ജീവിയും ചൂണ്ടയിലകപ്പെട്ട മീനും സംസാരിക്കുകയാണ്. രണ്ടുപേരും ഓരോതരത്തിൽ ഇരകളാണല്ലോ. ഇതുപോലെയാണ്, ഓരോ വിഷയങ്ങൾ നമ്മളെ ഇങ്ങനെ പിടിച്ചുകൊണ്ടുപോകും. അത് എങ്ങനെ നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് നോക്കും. ചിലതൊക്കെ കയ്യിൽ നിൽക്കില്ലെന്നു തോന്നിയാൽ ഒരു കാൽഭാഗത്തോളം എഴുതി അവസാനിപ്പിക്കാറുണ്ട്. എങ്ങനെ, ഏത് പശ്ചാത്തലത്തിൽ എഴുതാം, ഭാഷയിൽ എങ്ങനെ പുതുമ കൊണ്ടുവരാം എന്നു നോക്കും.
ഞാൻ എന്നെത്തന്നെ ചലഞ്ച് ചെയ്യുകയാണ്. എനിക്കു പിന്നാലെത്തന്നെ ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു ഓട്ടത്തിന്റെ പുറത്താണിത് സംഭവിക്കുന്നത്. 2018ലാണ് ആദ്യ പുസ്തകം. ഇപ്പോഴത് 12 എണ്ണമായി. 2024 അവസാനിക്കുമ്പോഴേക്കും അത് 15 പുസ്തകങ്ങളാവും എന്നത് എനിക്കു തന്നെ അദ്ഭുതമാണ്. പത്താം ക്ലാസിൽ തോറ്റുപോയി, അതിനു ശേഷം ജീവിതം പഠിച്ച ഒരാളാണ് ഞാൻ. പിന്തുടരുന്ന വായന കൊണ്ടുമാത്രമാണ് ഇവിടെ എത്തിയത്. അന്ന് പലതും ചെയ്യാനായില്ല എന്നതിന്റെ സങ്കടം ഇങ്ങനെയാണ് മറികടക്കുന്നത്. സ്വയം ചാലഞ്ച് ചെയ്യുന്നതിന്റെ ഒരു സുഖം.

