സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി പൊതു വിനോദ മേഖലയെ ബാധിക്കുമെന്ന ഹരജി തള്ളി സുപ്രീം കോടതി. എല്ലാം വിമര്‍ശിക്കാമെന്നും പക്ഷേ ക്രിയാത്മകമായ വിമര്‍ശനം ഉണ്ടാകണമെന്ന് സുപ്രീം കോടതി പറഞ്ഞു.
‘സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവല്ല ഉപരാഷ്ട്രപതിയുടെ വസതിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. പദ്ധതി അധികാരികള്‍ അംഗീകരിച്ചിട്ടുണ്ട്,’ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ പറഞ്ഞു. എവിടെയാണ് ഉപരാഷ്ട്രപതിയുടെ വസതി പണിയേണ്ടത് എന്ന് ഞങ്ങള്‍ ജനങ്ങളോട് ചോദിക്കണോ? കോടതി ചോദിച്ചു.
വികസന പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബന്ധപ്പെട്ട അധികാരികളുടെ അവകാശമാണെന്നും ഇത് ഒരു നയപരമായ കാര്യമാണെന്നും അടിവരയിട്ട് ഹരജിക്ക് മറുപടിയായി സുപ്രീം കോടതി പറഞ്ഞു.
പദ്ധതിക്കായി ചില പ്രദേശങ്ങളിലെ ഭൂവിനിയോഗം ‘പൊതു വിനോദം’ എന്നതില്‍ നിന്ന് ‘പാര്‍പ്പിടം’ എന്നാക്കി മാറ്റിയെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാജീവ് സൂരി തന്റെ ഹരജിയില്‍ പറഞ്ഞിരുന്നു. വസതി നിര്‍മിക്കുന്നത് നിലവില്‍ വിനോദത്തിനായി ഉദ്ദേശിക്കുന്ന പ്രദേശത്തെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു.
സമഗ്രവികസനത്തിന്റെ ഭാഗമായി കേന്ദ്രം ഹരിത പ്രദേശം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
വസതി പണിയുന്നതിനായി കണ്ടെത്തിയ സ്ഥലം പ്രതിരോധ മന്ത്രാലയം വര്‍ഷങ്ങളായി ഉപയോഗിക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കായി സെന്‍ട്രല്‍ വിസ്തയുടെ മാസ്റ്റര്‍ പ്ലാനില്‍ വിവിധ പൊതു വിനോദ മേഖലകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ തീരുമാനിച്ചിരിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു.
20,000 കോടി രൂപ ചെലവില്‍ 3.2 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ രൂപകല്പന ചെയ്ത ദല്‍ഹിയുടെ ഹൃദയഭാഗത്താണ് പദ്ധതി നടപ്പാക്കുന്നത്.
വസതി പണിയുന്നതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണാജനകമായ ഹരജി തള്ളണമെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന അടുത്ത വര്‍ഷം പുനര്‍വികസന പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റ് ഹൗസും ആഭ്യന്തര മന്ത്രാലയ ഓഫീസുകളും ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കും.