അമ്പതാണ്ടിന്റെ പെരുമയിൽ ദോസ്തി പ്രസ്സും മുതലാളി തൊഴിലാളി ബന്ധവും
അഞ്ചു പതിറ്റാണ്ടുകളായി കുന്ദമംഗലം പട്ടണത്തിന്റെ അടയാളമാണ് ദോസ്തി പ്രിൻറിംഗ് പ്രസ്സ്. പടനിലം തെക്കേ വളപ്പിൽ അബ്ദുറഹിമാൻ നാട്ടുകാരുടെ സ്വന്തം ദോസ്തി അബ്ദുറഹിമാൻക്ക ആവുന്നത് അങ്ങനെയാണ്. അക്ഷരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം തന്റെ യൗവനകാലത്ത് ജീവിതോപാധിയായി തെരഞ്ഞെടുത്തതാണ് ഈ പ്രസ്സ്.
1970 ഏപ്രില്‍ 12ന് ആരംഭിച്ച ഈ പ്രസ്സിന്റെ മറ്റൊരു സവിശേഷത ഏകദേശം അതേ കാലയളവായി ഇവിടെ പ്രവർത്തിച്ചുവരുന്ന ഒരു തൊഴിലാളിയാണ്. മുതലാളി തൊഴിലാളി ബന്ധത്തിനും അപ്പുറം അഭേദ്യമായ ഒരു സൗഹൃദത്തിനും കൂടെ സാക്ഷിയാണ് ഈ പ്രസ്സ്. കഴിഞ്ഞ 50 വർഷമായി അബ്ദുറഹിമാനോടൊപ്പം കുന്ദമംഗലം അരിയിൽ സ്വദേശിയായ കൃഷ്ണൻകുട്ടി എന്ന തൊഴിലാളിയും ഇവിടെയുണ്ട്. അന്ന് ദിവസം വെറും 3 രൂപയായിരുന്നു തന്റെ ശമ്പളമെന്ന് കൃഷ്ണൻകുട്ടി ഓർക്കുന്നു. അക്കാലത്ത് കമ്പോസിറ്റര്‍ ആയിരുന്നു താനെന്നും എന്നാൽ ഇന്ന് ഈ മാറിയ കാലത്ത് പഴയ പരിജ്ഞാനത്തിലും മറ്റും വ്യത്യാസം വന്നതിനാലും കമ്പ്യൂട്ടറിൽ വേഗത കൂടുതൽ വേണ്ടതിനാലും അതിലുപരി പ്രായം കണക്കിലെടുത്തും ബൈൻഡിങ് മാത്രമാണ് താൻ ചെയ്യുന്നതെന്ന് കൃഷ്ണൻകുട്ടി പറയുന്നു.
ആദ്യകാലങ്ങളിൽ അക്ഷരങ്ങൾ പെറുക്കി വെക്കുന്ന അച്ചുകൂടം ഉപയോഗിച്ചായിരുന്നു പ്രിൻറിംഗ്. എന്നാൽ പിന്നീട് കാലാനുസൃതമായ മാറ്റങ്ങൾ തങ്ങളുടെ പ്രസ്സിലും വന്നുവെന്നും പത്തിരുപത് വർഷങ്ങൾക്കു മുൻപ് മിനി ഓഫ്സെറ്റ് ആക്കി മാറ്റുകയായിരുന്നെന്നും ഇവർ പറയുന്നു.
പണ്ടുകാലത്ത് രണ്ടോ മൂന്നോ ദിവസം മുൻപ് ഒക്കെയാണ് ഓരോരുത്തർ പ്രിൻറിംഗ് ആവശ്യത്തിനായി എത്തിയിരുന്നത്. പിന്നെയാണ് അക്ഷരങ്ങള്‍ പെറുക്കിവെച്ച് ഒക്കെ റെഡിയാക്കി വെക്കും. പിച്ചളകൊണ്ട് നിർമ്മിച്ച ഒരു സ്റ്റിക്കിൽ അക്ഷരങ്ങൾ പെറുക്കി സെറ്റ് ചെയ്തു വെക്കും. സ്റ്റിക്കിൽ അക്ഷരങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ അതെടുത്ത് ഗാലിയില്‍ വെക്കും. പിന്നീട് സ്പേസുകൾ ഒക്കെ അഡ്ജസ്റ്റ് ചെയ്ത ശേഷം ലീഡിങ് ഒക്കെ കൊടുക്കും. അതിനുശേഷം അത് കെട്ടിവെച്ച് പ്രൂഫ് എടുക്കും. വീണ്ടും അതിൽ തെറ്റു കണ്ടെത്തുകയാണെങ്കിൽ പിഞ്ചർ ഉപയോഗിച്ച അക്ഷരം മാറ്റി എഡിറ്റ് ചെയ്യും. വളരെ ശ്രമകരമായ പണികളായിരുന്നു അതെല്ലാം. പിന്നീട് അക്ഷരങ്ങളുടെ വലിപ്പം മാറ്റേണ്ടി വരികയാണെങ്കിൽ എല്ലാം തിരിച്ചെടുത്ത ഇട്ട് വീണ്ടും ആദ്യം മുതൽക്കേ ചെയ്യേണ്ടിവരും. ഈ ജോലിയെ കമ്പോസിംഗ് എന്നാണ് പറയുന്നത്. ഇത് ചെയ്യുന്ന ആൾ കമ്പോസിറ്ററും. കമ്പോസിറ്റർ പിന്നീടത് ചെയ്സില്‍ വെച്ചിട്ട് ചാവി ഉപയോഗിച്ച് മുറുക്കും. എന്നിട്ട് ട്രഡിൽ എന്ന ഉപകരണത്തിലേക്ക് ഫിറ്റ് ചെയ്യും. ട്രഡില്‍ കറങ്ങിയാണ് പ്രിൻറിംഗ് നടക്കുന്നത്. കാലുകൊണ്ട് ചവിട്ടി കറക്കുന്നതും മോട്ടോർ ഉപയോഗിച്ച് കറക്കുന്നതുമായ ട്രഡിലുകള് ഉണ്ടായിരുന്നു. മണിക്കൂറിൽ ആയിരം കോപ്പി ഒക്കെ അങ്ങനെ പ്രിൻറ് ചെയ്തെടുക്കാം. അബ്ദുറഹിമാനും കൃഷ്ണൻകുട്ടിയും പറയുന്നു.
ഇന്ന് കമ്പ്യൂട്ടറിൻറെ സഹായത്തിൽ എല്ലാം വേഗത്തിൽ കഴിയുന്നുണ്ടെന്നും കാലാനുസൃതമായ മാറ്റങ്ങൾ അംഗീകരിച്ച് അതിനൊപ്പം തന്നെയാണ് സഞ്ചരിക്കുന്നതെന്നും എന്നാൽ ഡിജിറ്റലിലേക്ക് എത്തുമ്പോൾ ചിലവ് വലിയ രീതിയിൽ വർധിച്ചത് തങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടെന്നും അബ്ദുറഹിമാൻ പറയുന്നു. പ്രായവും അതിനൊരു ഘടകമായി അദ്ദേഹം ഉയർത്തിക്കാട്ടുന്നു. കോവിഡിനു ശേഷം വലിയ ആഘാതമാണ് ഈ മേഖലയ്ക്ക് സംഭവിച്ചിട്ടുള്ളതെന്നും ഒരുപാട് പേർക്ക് ഇത് ഒഴിവാക്കി പോകേണ്ട സാഹചര്യം വന്നു എന്നും ലാഭത്തിൽ ഉപരി നിലനിൽപ്പുതന്നെ ഭീഷണിയിലാണെന്നതിനാൽ ഈ മേഖലയിലേക്ക് പുതിയ ആളുകൾ കടന്നു വരാൻ സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്നും കുന്ദമംഗലത്തെ മുക്കം റോഡിൽ സ്ഥിതി ചെയ്യുന്ന പ്രസ്സും അതുമായി ബന്ധപ്പെട്ടുള്ള ജീവിതവുമായി തന്റെ 73-ാമത്തെ വയസ്സിലും സംതൃപ്തനാണ് അബ്ദുറഹിമാന് എന്ന ദോസ്തി അബ്ദുറഹിമാൻക്ക പിന്നെ ദോസ്തി ഓഫ്സെറ്റ് പ്രസ്സിന്റെ എല്ലാമെല്ലാമായ കൃഷ്ണന് കുട്ടിയും.

