
ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച ‘കൊവിഷീൽഡ്’ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന വാക്സിൻ പരീക്ഷണത്തിലാണ് പാർശ്വഫലങ്ങളില്ലാതെ 90 ശതമാനത്തോളം ഫലപ്രാപ്തി കൈവരിച്ചത്.
ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഓക്സ്ഫോഡ് വാക്സിൻ നിർമാണ ചുമതല.ആദ്യം പകുതി ഡോസും ഒരുമാസത്തെ ഇടവേളയിൽ മുഴുവൻ ഡോസും നൽകിയപ്പോൾ 90 ശതമാനം വരെ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തി. മറ്റൊരു ഡോസേജിൽ 62 ശതമാനം ഫലപ്രാപ്തിയും ലഭിച്ചു. 70 ശതമാനമാണ് ശരാശരി ഫലപ്രാപ്തിയെന്ന് നിർമാതാക്കൾ അറിയിച്ചു. വാക്സിൻ വളരെ ഫലപ്രദവും സുരക്ഷിതവുമാണെന്നും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും മരുന്നുനിർമാണ കമ്പനിയായ ആസ്ട്രസെനേക മേധാവി പാസ്കൽ സോറിയോട്ട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിലെ രാജ്യത്തെ പങ്കാളി. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെയും ഗവി വാക്സിൻ സഖ്യത്തിന്റെയും പിന്തുണ ഇവർക്കുണ്ട്.

