യുഎസ്സിന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ആന്റണി ബ്ലിങ്കന്‍ സ്ഥാനമേറ്റേക്കും. ബറാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്നു ആന്റണി ബ്ലിങ്കന്‍. ചൊവ്വാഴ്ച്ച പുതിയ വിദേശകാര്യ സെക്രട്ടറിയെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം ജോ ബൈഡന്റെ ട്രാന്സിഷന് ടീമോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്രരംഗത്തെ അനുഭവ സമ്പത്താണ് 58കാരനായ ആന്റണി ബ്ലിങ്കന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രഥമ പരിഗണന ലഭിക്കാന്‍ കാരണം. ജോ ബൈഡന് സെനറ്റ് ഫോറിന് റിലേഷന്‍സ് കമ്മിറ്റി ചെയര്മാന് ആയിരുന്നപ്പോള്‍ ഡെമോക്രാറ്റിക്ക് സ്റ്റാഫ് ഡയറക്ടറായിരുന്നു ആന്റണി ബ്ലിങ്കന്‍. ഇതിന് മുമ്പ് ബില്‍ ക്ലിന്റന് പ്രസിഡന്റായിരുന്നപ്പോള്‍ വൈ്റ്റ് ഹൗസിലെ സ്പീച്ച് റൈറ്ററായിരുന്നു.
2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് പരാജയപ്പെട്ടതിന് പിന്നാലെ വാഷിംഗ്ടണില്‍ വെസ്റ്റ് എക്സെക്ക് അഡൈ്വസേഴ്സ് എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങിയിരുന്നു. ജിയോ പൊളിറ്റിക്സുമായി ബന്ധപ്പെട്ട കോര്‍പ്പറേഷനുകള്‍ക്ക് ഉപദേശം നല്‍കുകയാണ് ഈ സ്ഥാപനം ചെയ്തുകൊണ്ടിരുന്നത്.