മഹാരാഷ്ട്രയില്‍ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വനമേഖലയില്‍ നിന്ന് അഴുകിത്തുടങ്ങിയ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ഒരു ആട്ടിടയന്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതും അന്വേഷണം ആരംഭിക്കുന്നത്.
അന്വേഷണത്തില്‍ സഹദ്പുര്‍ സ്വദേശി നിതിന്‍ ബെഹെരെ (35), ഇയാളുടെ കൂട്ടാളികളെന്ന് കരുതപ്പെടുന്ന ചന്ദെ ഗ്രാമവാസികളായ മഹേന്ദ്ര ദുബൈലെ (28), ബന്ധു മുകേഷ് ഘാവത് എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തി. ബെഹെരെ ഒരു സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്നു എന്ന് പൊലീസ് പറയുന്നു. മന്ത്രവാദിയായ ഇയാള്‍ പല ആഭിചാര ക്രിയകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിവരുന്നുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച മൂവര്‍ സംഘവും ഒപ്പം ഒരാണ്‍കുട്ടിയും ഇക്കഴിഞ്ഞ നവംബര്‍ നാലിനാണ് ഈ വനമേഖലയിലെത്തുന്നത്. ഇവിടെ ഒരു മരച്ചുവട്ടിലെത്തി മദ്യപിക്കുകയും ചെയ്തു. തൂങ്ങിമരിച്ചാല്‍ നിലവിലെ ശക്തി ഇരട്ടിയാകുമെന്ന് ബെഹെരെയാണ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ഇതനുസരിച്ച് മൂന്നുപേരും കയ്യില്‍ കരുതിയിരുന്ന സാരിയില്‍ തൂങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി ഇതിനോടകം അവിടെ നിന്നു കടന്നു കളയുകയും ചെയ്തിരുന്നു.
‘നാല് സാരികളുമായാണ് ബെഹെരെ കാട്ടിലെത്തിയത്. ഒരു മരച്ചുവട്ടിലിരുന്ന ഇവര്‍ ആദ്യം മദ്യപിച്ചു. ഇതിനുശേഷം സാരി കഴുത്തിലൂടെ ചുറ്റാന്‍ ബെഹെരെ നിര്‍ദേശിച്ചു. അങ്ങനെ ചെയ്താല്‍ ശക്തി ഇരട്ടിയാകുമെന്നും വളരെ എളുപ്പത്തില്‍ താഴേക്കെത്തുമെന്നും അറിയിച്ചു. നിലവില്‍ സംഭവത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണെന്നും പൊലീസ് പറയുന്നു.
ഇവര്‍ക്കൊപ്പമെത്തി കടന്നു കളഞ്ഞ ആണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.