Trending

മുസ്ലിം യൂത്ത്ലീഗ് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

മുസ്ലിം യൂത്ത്ലീഗ് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറിയുമായി വീണ്ടും തെരെഞ്ഞെടുത്തു.. പി. ഇസ്മാഈല്‍ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ മാഹിന്‍ (വൈസ് പ്രസിഡന്റുമാര്‍), സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസര്‍മാരായ പി.എം.എ സലാം, സി. മമ്മൂട്ടി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

കരുത്തുറ്റ രാഷ്ട്രീയ യുവത്വം
കാലത്തിന്റെ അനിവാര്യത
: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരുത്തുറ്റ രാഷ്ട്രീയ യുവത്വം കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം രാജ്യത്തെ വിഴുങ്ങുന്ന പുതിയ കാലത്ത് യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. മതേതര ഇന്ത്യയുടെ നിലനില്‍പ് അപകടാവസ്ഥയിലാണ്. ജനാധിപത്യ വ്യവസ്ഥയും മതേതരത്വവും പോറലേല്‍പിക്കാതെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം യുവാക്കള്‍ക്കുണ്ട്. മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ കാലങ്ങളില്‍ സക്രിയമായി നിര്‍വ്വഹിച്ച ഈ ദൗത്യം ഇനിയും ശക്തമായി തുടരണം. മതേതരത്വവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന കേരളത്തിനും ഇന്ത്യക്കും വേണ്ടി പ്രവര്‍ത്തിക്കണം. -പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ്. യു.കെ, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കിയ തങ്ങള്‍ രചയിതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്നും ബിരുദം നേടിയ തങ്ങള്‍, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്ലാമിക തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യു. കെ യില്‍ നിന്നും ഡിപ്ലോമ കോഴ്‌സും ചെയ്തിട്ടുണ്ട്.

ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യ അധ്യക്ഷന്‍, സൈന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍, അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍ പ്രസിഡന്റ്,ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിനാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍, എം.ഇ.എ എഞ്ചിനീയറിങ് കോളേജ് ട്രഷറര്‍, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തില്‍ ഇസ്‌ലാമിയ്യ വൈസ് പ്രസിഡന്റ്, വാഫി അക്കാദമിക്ക് ഡയറക്ടര്‍,അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിങ് ഡയറക്ടര്‍, തുടങ്ങി നിരവധി പദവികളും വഹിക്കുന്നുണ്ട്.
ലിബിയയിലെ വേള്‍ഡ് മുസ്ലിം പ്യൂപ്പിള്‍ ലീഡര്‍ഷിപ്പില്‍ അംഗവുമാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ നാല്‍പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച തങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയനായ യുവ നേതാവാണ്.

ഭാര്യ ഹനിയ സഖാഫ്, മക്കള്‍ മുഹമ്മദലി ശിഹാബ്, അമാന്‍ അഹമ്മദ്, ഫാതിമ നര്‍ഗീസ് ശിഹാബ്.

    സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരുന്ന പി.കെ ഫിറോസ് നിയമത്തില്‍ ബിരുദാനന്തര ബിരുദധാഗിയാണ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍, എം.ജി യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലം പതിമംഗലം സ്വദേശിയാണ്. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക നസ്രിയാണ് ഭാര്യ ഷെസ മകളുമാണ്. 

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട പി. ഇസ്മായില്‍ കഴിഞ്ഞ യൂത്ത് ലീഗ് കമ്മറ്റിയിലെ സംസ്ഥാന വൈസ് പ്രെസിഡന്റായിരുന്നു.. വയനാട് ജില്ലയിലെ കമ്പളക്കാട് സ്വദേശിയാണ് എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ,പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2015-2020 കാലയളവില്‍ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡി.പി.സി മെമ്പര്‍,ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!