നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഒരു മുഴം മുൻപേ എറിഞ്ഞു കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം. സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ പുറത്തിറക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 30 സ്ഥാനാർഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ഇതിൽ 15 പേർ പാർട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായിരിക്കും. സഖ്യം സംബന്ധിച്ച തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും പിന്നീടുള്ള സ്ഥാനാർഥി പട്ടിക.
പ്രചാരണം നടത്താൻ ആവശ്യത്തിനു സമയം ലഭിക്കാനാണു മുൻകൂട്ടി സ്ഥാനാർഥി പട്ടിക തയാറാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി നിർവാഹക സമിതി യോഗമാണു ഇക്കാര്യം തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ കമൽ ഹാസൻ നേരിട്ടു അഭിമുഖം നടത്തും.
വിവിധ മേഖലകളിൽ സമൂഹത്തിനു സേവനം ചെയ്തവരെയായിരിക്കും 15 സീറ്റുകളിലേക്കു പരിഗണിക്കുക. രജനീകാന്ത് പാർട്ടി പ്രഖ്യാപിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യത്തിനു തയാറാണെന്നും എന്നാൽ, ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും പാർട്ടി നേതാവ് സി.കെ.കുമരവേൽ പറഞ്ഞു. അബ്ദുൽ കലാം പാർട്ടി, സത്ത പഞ്ചായത്ത് ഇയക്കം തുടങ്ങിയ ചെറു ഗ്രൂപ്പുകളുമായി സഖ്യ ചർച്ചകൾ നടക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 4 ശതമാനത്തിനടുത്തു വോട്ടു ലഭിച്ചിരുന്നു.