ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.ലാൻഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.
കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.