അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 26 നാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു.
അഫ്ഗാന്‍ വിഷയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചത്.
എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് സംസാരിക്കാന്‍ കഴിയാത്തത് എന്ന് ജയശങ്കറിന്റെ ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതോ ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് അറിവില്ലേ എന്നും രാഹുല്‍ ചോദിച്ചിരുന്നു.
ഇന്നു രാവിലെ 168 പേരെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. 146 ഇന്ത്യക്കാരും അവശേഷിക്കുന്ന സിഖ്, ഹിന്ദു വിഭാഗക്കാരുമാണ് വന്നത്. 46 ന്യുനപക്ഷങ്ങളെ കൂടി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.