അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്നും ബൈഡന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം
‘ഈ തീരുമാനം ശരിയാണെന്നും യുക്തിപൂര്‍വമായതാണെന്നും ചരിത്രം അടയാളപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ബൈഡന്‍ സേനാ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താലിബാന്‍ തയാറാകുമോ എന്നും ബൈഡന്‍ ചോദിച്ചു.
ബൈഡന്റെ ഈ നടപടിയില്‍ അമേരിക്കയിലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്.
താലിബാന്‍ ഇതുവരെ അമേരിക്കന്‍ സൈന്യത്തിനെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്നും അമേരിക്കക്കാരെ തിരിച്ചെത്തിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം പിന്തുടര്‍ന്നുവെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ 36 മണിക്കൂറുകള്‍ കൊണ്ട് 11,000 ആളുകളെ തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നും ബൈഡന്‍ പറഞ്ഞു. അവര്‍ക്കൊപ്പം തന്നെ നാറ്റോ സഖ്യകക്ഷി രാജ്യങ്ങളിലെ ആളുകളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
14 സി-17എസ്, 9 സി-130 വിമാനങ്ങളടക്കം 23 യു.എസ് മിലിറ്ററി വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തങ്ങളുടെ ഭാഗമായി അയച്ചിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു.