ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിട്ട് നിൽക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.