മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകളെയും ജീവനക്കാരെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
2022-23 വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്ക് തലത്തിലെ മികച്ച പ്രവർത്തനത്തിനുള്ള കുഞ്ഞപ്പ നമ്പ്യാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഏറാമല ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ചോറോട്, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.
ഏറ്റവും കൂടുതൽ കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതിന് ചോറോട് ഗ്രാമപഞ്ചായത്തും പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതിന് അഴിയൂർ ഗ്രാമപഞ്ചായത്തും ഒന്നാം സ്ഥാനം നേടി. ജില്ലയിൽ ആദ്യ 100 തൊഴിൽ ദിനം പൂർത്തീകരിച്ച കുടുംബം, മിഷൻ അമൃത് സരോവർ, പൊതുകുളത്തിന്റെ നവീകരണ പ്രവർത്തനം എന്നീ വിഭാഗങ്ങളിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തും അവാർഡിന് അർഹമായി.
‘തിളക്കം 23 ‘എന്ന പേരിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശക്കീല ഈങ്ങോളി, ആയിഷ ഉമ്മർ, പി.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സത്യൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ദീപു രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ശശികലാ ദിനേശൻ സ്വാഗതവും ഹരികുമാർ ജി നന്ദിയും പറഞ്ഞു.