വർഗീയ കലാപത്തിൽ കത്തിയമരുന്ന മണിപ്പൂരിൽ നിന്നുള്ള കായിക താരങ്ങളെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണിപ്പൂരിലെ അത്‌ലറ്റുകൾക്ക് പരിശീലിക്കാൻ തമിഴ്‌നാട്ടിൽ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഖേലോ ഇന്ത്യ, ഏഷ്യൻ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ താരങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഉദയനിധി ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
‘ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ’ സൃഷ്ടിക്കുന്നതിന് പേരുകേട്ട സംസ്ഥാനമാണ് മണിപ്പൂർ. വടക്കുകിഴക്കൻ സംസ്ഥാനത്തെ നിലവിലെ അവസ്ഥയിൽ തമിഴ്‌നാടിന്റെ കടുത്ത വേദനയും ആശങ്കയും സ്റ്റാലിൻ പ്രകടിപ്പിച്ചു. സ്നേഹവും കരുതലും കൊണ്ടാണ് തമിഴ് സംസ്കാരം ജീവിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, “എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്” എന്നർത്ഥമുള്ള “യാത്തും ഊരേ, യാവരും കേളിർ” എന്ന ചൊല്ല് പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്.