മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സോനോറയിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ പതിനൊന്ന് പേർ വെന്തുമരിച്ചു. സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച പുലർച്ചെ സൊനോറയിലെ സാൻ ലൂയിസ് റിയോ കൊളറാഡോ നഗരത്തിലെ ഒരു ബാറിലാണ് ആക്രമണം നടന്നത്. മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരു യുവാവിനെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ഇതേത്തുടർന്നുള്ള ദേഷ്യത്തിൽ യുവാവ് ഒരുതരം ‘മൊളോടോവ്’ ബോംബ് കെട്ടിടത്തിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മരിച്ചവരിൽ ഏഴ് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ നഗരത്തിലെയും അമേരിക്കയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി നഗരത്തിലെ മേയർ സാന്റോസ് ഗോൺസാലസ് പറഞ്ഞു.