നമ്മുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പർശിക്കുകയും ജീവിതത്തോട് നാം ചോദിക്കുന്ന ചോദ്യങ്ങളെത്തന്നെ ഡാറ്റയുടെ അടിസ്ഥാനത്തിൽ മാറ്റിക്കളയുകയും ചെയ്യുന്ന മേഖലയായ ഡാറ്റ സയൻസ് ഏറ്റവും ശ്രദ്ധാർഹമായ മേഖല ആയി മാറുന്നുവെന്ന് പിയെൻസ ടെക് ഇന്ത്യ ഡയറക്ടറും ഗവേഷകനുമായ ഡോ. നിമിഷ് ജോസഫ് പറഞ്ഞു. ദയാപുരം കോളേജ് ബാബ്ട്രയുമായി ചേർന്ന് നടത്തിയ വിദ്യാർഥിനികൾക്ക് വേണ്ടി നടന്ന ഒരു വർഷത്തെ കോഡിങ് ആഡ് ഓൺ പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണവേദിയിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യന്ത്രങ്ങളുടെ പഠനം മനുഷ്യാവസ്ഥയെ തന്നെ മാറ്റിമറിക്കാൻ പോന്നതാണ്. വിവരങ്ങളുടെ ശേഖരണത്തിലൂടെ ക്രമങ്ങളെ മനസ്സിലാക്കി പുതിയ അറിവുകളെയും കാഴ്ചപ്പാടുകളെയും ഉണ്ടാക്കുന്ന ഇക്കാലത്തു വിദ്യാർത്ഥിനികൾക്ക് ഈ മേഖലയിൽ അറിവുണ്ടായിരിക്കുക അവരുടെ എല്ലാ തലത്തിലും ഉള്ള വളർച്ചക്ക് ആവശ്യമാണ്- ഡോ. നിമിഷ് ജോസഫ് പറഞ്ഞു,
ലണ്ടനിലെ ഒറെ എഡ്യൂക്കേഷന്റെ ബാബ്ട്രാ നടത്തിയ ഒരു വർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ദയാപുരത്തെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷവിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ ഡോ. നിമിഷ് ജോസഫ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. അർച്ചന, ബാബ്ട്രാ ഡയറക്ടർ മോനിഷ് എന്നിവർ പ്രസംഗിച്ചു. കോഴ്സ് പൂർത്തിയാക്കിയ ഫാത്തിമ ഫിദ, ഫാത്തിമ നിഹാല എന്നിവർ മറുപടി പ്രസംഗം നടത്തി. ആഷിക സ്വാഗതവും ഫിദ മറിയം നന്ദിയും പറഞ്ഞു.

