International News

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1,000 കടന്നു, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, സഹായവുമായി ഐക്യരാഷ്ട്രസഭ

അഫ്ഗാനിസ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ പര്‍വതപ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു. 1500-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങളും മലഞ്ചെരിവുകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

പല ജില്ലകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ എത്തിയിട്ടുണ്ട്. മരുന്നും ഭക്ഷണവും ഭൂകമ്പ ബാധിതപ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം താലിബാന്‍ ഭരണകൂടം തേടിയതിന് പിന്നാലെയാണ് നടപടി.

താലിബാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസില്‍ നിന്നുള്ള പ്രതിനിധി ലോറെറ്റ ഹൈബര്‍ ഗിരാര്‍ഡറ്റ് പറഞ്ഞു.

മഴയും ഭൂചലനവും ഒരുമിച്ചായത് കൂടുതല്‍ അപകടസാധ്യത സൃഷ്ടിച്ചു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മെഡിക്കല്‍ ഹെല്‍ത്ത് ടീമുകളെ വിന്യസിക്കുകയും മെഡിക്കല്‍ സപ്ലൈസ് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് യുഎന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് അറിയിച്ചു. ചില ഗ്രാമങ്ങള്‍ മലനിരകളിലെ വിദൂര പ്രദേശങ്ങളിലായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശം ഹിന്ദുകുഷ് മലനിരകളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക രാജ്യങ്ങളോടും മനുഷാവകാശ സംഘടനകളോടും നിന്നും സഹായം താലിബാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!