
കനത്ത മഴയേ തുടർന്ന് ആകാശച്ചുഴിയിൽ പെട്ട ഡല്‍ഹി- ശ്രീനഗര്‍ വിമാനത്തിന്‍റെ പൈലറ്റ് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാൽ ഇൻഡിഗോ പൈലറ്റിന്‍റെ അഭ്യര്‍ഥന പാകിസ്താൻ നിരസിച്ചുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനം പിന്നീട് സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.227 യാത്രക്കാരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് ടിഎംസി (തൃണമൂൽ കോൺഗ്രസ്) എംപിമാരും വിമാനത്തിൽ ഉണ്ടായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ വിമാനം ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

