മലയാളിയായ യു ടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കറായേക്കും. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ ഖാദര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ, ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് സ്‌പീക്കർ സ്ഥാനത്തേക്ക്
ഉയർന്നു കേട്ടിരുന്നത് പിന്നീട്, അപ്രതീക്ഷിതമായാണ് സ്‌പീക്കർ സ്ഥാനത്തേക്ക് യു ടി ഖാദറിന്റെ പേര് വന്നത്.
നിലവിൽ, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരന്‍ രണ്‍ദീപ് സിങ് സുര്‍ജെവാല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഖാദറുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍നിന്നാണ് ഖാദര്‍ നിയമസഭയിലെത്തിയത്. ഇത് അഞ്ചാം തവണയാണ് ഖാദര്‍ എം.എല്‍.എ. ആകുന്നത്. അന്‍പത്തിമൂന്നുകാരനായ ഖാദര്‍, കര്‍ണാടക സ്പീക്കര്‍ ആകുന്നതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ സമുദായാംഗമെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാകും.
. പിതാവ് കാസര്‍കോട്ടുകാരനായ ഉപ്പള പള്ളത്തെ പരേതനായ യു.ടി. ഫരീദിന്റെ മകന്‍ എന്ന വിലാസത്തിലാണ് യു.ടി. ഖാദര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്. ഫരീദ് 1972, 1978, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ ഉള്ളാള്‍ (മംഗളൂരു) മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഖാദര്‍ മത്സരിച്ച് ജയിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി ലമിസാണ് ഭാര്യ. ഏകമകള്‍ ഹവ്വ നസീമ പഠിച്ചതും കേരളത്തിലാണ്.

