മടവൂര്‍ ആരാമ്പ്രത്ത് നിന്ന് ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് റിമാന്റിൽ.നരിക്കുനി എരവന്നൂര്‍ കേളച്ചാംപറമ്പത്ത് താമസിക്കുന്ന സജി ജോസഫ്(43)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.നരിക്കുനി സ്വദേശിയുടെ ഭാര്യയായ മുസ്ലിം യുവതിയെ ഈ മാസം 12 നാണ് ആരാമ്പ്രത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കാണാതായത്. അന്വേഷണത്തില്‍ സജി ജോസഫും കുടുംബവും സ്ഥലം വിട്ടതായും കണ്ടെത്തി.
തുടര്‍ന്നാണ് കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടെത്തുകയായിരുന്നു. സജി ജോസഫ് തന്റെ കയ്യില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കാലാക്കിയെന്നും കൂടെ വന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസില്‍ മൊഴി നൽകുകയും ചെയ്തു.
പത്ത് ദിവസത്തോളം തിരുവനന്തപുരത്ത് തടഞ്ഞുവെക്കുകയായിരുന്നുവെന്നും യുവതി പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മറ്റു പല സ്ത്രീകളെയും ഇയാള്‍ ഇത്തരത്തില്‍ സ്‌നേഹം നടിച്ച് ചതിയില്‍ പെടുത്തിയിട്ടുണ്ടെന്നും പലരില്‍ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഒരു യുവതിയില്‍ നിന്ന് 16 ലക്ഷത്തോളം രൂപയാണ് കൈക്കലാക്കിയത്. ഭാര്യയും രണ്ട് കുട്ടികളും ഉള്ള ഇയാള്‍ മറ്റൊരു യുവതിക്കൊപ്പം താമസിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കുന്ദമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തിട്ടുണ്ട്.