കുത്തബ് മിനാറില്‍ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കെ റെഡ്ഢി. കുത്തബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ”അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവന്മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന ഹിന്ദുത്വ വാദികളുടെ ആരോപണത്തെ തുടര്‍ന്ന് കുത്തബ് മിനാറില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്ത.കുത്തബ് മിനാറിന്റെ തെക്ക് 15 മീറ്റര്‍ അകലെ ഖനനം നടത്താനാണ് അനുമതി ലഭിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് നിലവില്‍ സാംസ്കാരിക മന്ത്രാലയം തള്ളിയത്.
കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തീര്‍പ്പു കല്പ്പിക്കാനാണ് സര്‍വേയ്ക്ക് അനുമതി നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. കുത്തബ് മിനാർ സമുച്ചയത്തിന്റെ പുനർനാമകരണം ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ അവകാശവാദമുന്നയിക്കുന്നുണ്ട്. പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഈ സ്ഥലം മുമ്പ് ഹിന്ദു, ജൈന ക്ഷേത്രങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും അവകാശ വാദം ഉയർന്നിരുന്നു.