അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മമ്മൂട്ടി തന്റെ പ്രിയ തിരക്കഥാകൃത്തിനെ കണ്ടത്. മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. കുറച്ചുനാൾ മുമ്പേ താൻ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു,തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ്. വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, അസ്ത്രം, അവിടത്തെപ്പോലെ ഇവിടയും, അതിരാത്രം, ഇനിയും കഥ തുടരും, ഒന്നാണ് നമ്മൾ തുടങ്ങി മമ്മൂട്ടി അഭിനയിച്ച നിരവധി സിനിമകളുടെ തിരക്കഥ ജോൺ പോളിന്റെ വകയായിരുന്നു. മമ്മൂട്ടിയുടെ അഭിനയമികവിനെപ്പറ്റി ജോൺ പോൺ പല തവണ പരാമർശിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോഗം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.