
അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യായിരുന്നു’വെന്ന് അഫാൻ; വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്.വെഞ്ഞാറാമൂട് കൂട്ടക്കൊല കേസിൽ അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നൽകിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിൻ്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്.കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും. കൊലയിൽ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പൊലീസ് തള്ളി.വെഞ്ഞാറമൂട് കേസിൽ അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കുകയാണ് പോലീസ്. അഫാൻ്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന മാതാവ് ഷെമിയുടെ മൊഴി പൊലീസിന് നേട്ടമായി. ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമി ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി വീട് അടച്ചിട്ടിരിക്കുന്നതിനാൽ വെഞ്ഞാറമൂട്ടിലെ കുറ്റിമൂട്ടിലെ സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയുള്ളത്.