തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ 54 കോടി രൂപയ്ക്ക് ബയോ മൈനിങ് കരാര്‍ ലഭിച്ച സോണ്ട കമ്പനി കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 22 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതേകാല്‍ കോടിയാണ് അടിച്ചുമാറ്റിയത്. അതിനെയും വെല്ലുന്ന തരത്തില്‍ ബ്രഹ്‌മപുരത്ത് 32 കോടിയുടെ തട്ടിപ്പും അഴിമതിയുമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ആരും തിരിച്ച് ചോദിക്കില്ലെന്ന ഉറപ്പിലാണ് നിയമസഭയില്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സി.പി.എമ്മിന്റെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത്. ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഭയന്നാണ് നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് മുഖ്യമന്ത്രി ഓടിയതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ
- പ്രളയത്തിന് ശേഷം 2019-ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?
- കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
- സി.പി.എം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി പദ്ധതി കൂടി നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?
- സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?
- ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?
- കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?
- കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?
ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിറ്റി പൊലീസ് കമ്മിഷണറോട് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ 12 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. സി.ബി.ഐ വരുമെന്ന് കണ്ട് ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം നടത്തിയതു പോലെ ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണവും വിജിലന്‍സിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്വന്തക്കാരെയും കരാറുകാരെയും രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനൊക്കെ മറുപടി പറയാതെയാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കി.
ബ്രഹ്‌മപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവിനും പങ്കില്ല. ഞങ്ങള്‍ മാത്രമല്ല നിങ്ങളും കൂടിയാണ് കട്ടതെന്ന് വരുത്താനാണ് ഈ പ്രചരണം. കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതുകൂടി സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയിട്ട് പോലും കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്നും സോണ്ട കമ്പനിയെ ഓടിച്ച് വിട്ടിട്ടുണ്ട്. സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതേക്കുറിച്ചൊക്കെ സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.