ഉത്തർപ്രദേശിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറ് മണിവരെ വോട്ടെടുപ്പ് നടക്കും.ലഖിംപുര്‍ ഖേരിയും ഇന്ന് ജനവിധി രേഖപ്പെടുത്തും.
നാലാംഘട്ടത്തിൽ പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ എന്നീ മണ്ഡലങ്ങളിലേക്കായി 624 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.ലഖിംപൂർ ഖേരി, റായ്ബറേലി, ലഖ്‌നൗ എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്നത്. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ലഖിംപൂർ ഖേരി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.ബിഎസ്പി അധ്യക്ഷ മായാവതി രാവിലെ ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. ബിജെപി എംപി സാക്ഷി മഹാരാജ് ഉന്നാവോയിലെ ഗദന്‍ ഖേര പ്രൈമറി സ്‌കൂളിലെത്തി വോട്ടു ചെയ്തു. യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, ബ്രിജേഷ് പതക്ക് തുടങ്ങിയവരും രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയും ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും.
ഉന്നാവോയിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കുന്ന പെൺകുട്ടിയുടെ അമ്മ 55-കാരിയായ ആശാ സിങ്ങാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സെൻഗാർ ഇപ്പോൾ ജയിലിലാണ്. ബിജെപിയുടെ സിറ്റിങ് എംഎൽഎയായ പങ്കജ് ഗുപ്തയ്ക്കും സമാജ്‌വാദി പാർട്ടിയുടെ അഭിനവ് കുമാറിനുമെതിരെയാണ് ആശാ സിംഗ് മത്സരിക്കുന്നത്.