ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍.എസ്എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർ.ആർ.ആർ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിലാണ് ചെല്ലോ ഷോയെ തെരെഞ്ഞെടുത്തിരിക്കുന്നത്. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിൻ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെൻ രാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രീമിയര്‍ ചെയ്തത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.’നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്കോര്‍ കാറ്റഗറിക്കുള്ള ഓസ്കര് അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ ഇടംനേടിയിരിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും വൻ ഹിറ്റായിരുന്നു.2023 ലെ ഓസ്കാറിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക വ്യാഴാഴ്ചയാണ് പുറത്ത് വിട്ടത്. ഡോക്യുമെന്റി ഫീച്ചർ ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ഇന്റർനാഷണൽ ഫീച്ചർ ഫിലിം,ആനിമേറ്റഡ് ഷോർട്ട് ഫിലിം എന്നിങ്ങനെ 10 വിഭാഗങ്ങളിലെ ഷോർട്ട്ലിസ്റ്റാണ് പ്രഖ്യാപിച്ചത്.